'പ്രചാരണത്തിന് പണമില്ല'; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

ഒഡീഷ പുരിയിലെ കോണ്‍ഗ്രസ് ലോക്സഭാ സ്ഥാനാര്‍ഥി സുചാരിത മൊഹന്തി പത്രികാ സമര്‍പ്പണത്തിന് തൊട്ടുമുമ്പ് പിന്‍മാറി. പ്രചാരണത്തിന് പണം കണ്ടെത്താനാവുന്നില്ലെന്നും പാര്‍ട്ടി സഹായിക്കുന്നില്ലെന്നും കാണിച്ച് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് അവര്‍ കത്തയച്ചു. നിയമസഭാ ടിക്കറ്റ് വിതരണത്തിലും അതൃപ്തിയുണ്ടെന്ന് കത്ത് പറയുന്നു. ഒഡീഷയില്‍ ലോക്സഭാ– നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാണ്. 

പ്രചാരണരംഗത്ത് സജീവമായിരിക്കെയാണ് പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പിന്‍മാറ്റം. സമൂഹമാധ്യമങ്ങളിലൂടെ ക്രൗഡ് ഫണ്ടിങ്ങിനുള്ള ശ്രമങ്ങള്‍ ഏതാനും ദിവസങ്ങളായി നടത്തി വരികയായിരുന്നു സുചാരിത മൊഹന്തി. എന്നാല്‍ ഇതുകൊണ്ടൊന്നും ബിജെപിയുടെയും ബിജെഡിയുടെയും പണക്കൊഴുപ്പിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് അവര്‍ പറയുന്നു. ഇക്കാര്യം പലയാവര്‍ത്തി കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അനുകൂല നിലപാടുണ്ടായില്ല. സ്വയം പണം കണ്ടെത്തണമെന്ന് ഐഐസിസി ഒഡീഷ ചുമതലയുള്ള അജോയ് കുമാര്‍ ആവശ്യപ്പെട്ടെന്നും സുചാരിത ആരോപിക്കുന്നു.

തന്‍റെ ലോക്സഭാ പരിധിയില്‍വരുന്ന നിയമസഭാ സീറ്റുകളില്‍ തീര്‍ത്തും ദുര്‍ബലരായ സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി നിര്‍ത്തിയതെന്നും സുചാരിത പറയുന്നു. മാധ്യമപ്രവര്‍ത്തകയായിരുന്ന സുചാരിത മൊഹന്തി പത്തുവര്‍ഷം മുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപിയുടെ സംബിത് പത്രയും ബിജെഡിയുടെ അരൂപ് പട്നായികുമാണ് എതിര്‍ സ്ഥാനാര്‍ഥികള്‍. തിങ്കളാഴ്ചയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.

Congress candidate from Puri returns ticket