സംസ്ഥാനസര്‍ക്കാരിന്റെ വാദം പൊളിഞ്ഞു; കരുണാനിധിയെ മാറ്റിനിർത്താൻ കോടതി അനുവദിച്ചില്ല

മറീന ബീച്ചിലെ അണ്ണാ സ്മാരകത്തോടുചേര്‍ന്ന് കരുണാനിധിക്ക് അന്ത്യവിശ്രമസ്ഥലം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത് സംസ്ഥാനസര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ്. മൂന്നു മുന്‍മുഖ്യമന്ത്രിമാരെ അടക്കംചെയ്ത സ്ഥലത്ത് കരുണാനിധിയെ മാറ്റിനിര്‍ത്തേണ്ട കാര്യമില്ലെന്നായിരുന്നു കോടതിനിലപാട്.

അണ്ണാവിന്‍ അരികില്‍ ആറടി മണ്ണ്. അതായിരുന്നു അണ്ണാദുരൈയുടെ അരുമശിഷ്യനായ മുത്തുവേല്‍ കരുണാനിധിയുടെ അന്ത്യാഭിലാഷം. എന്നാല്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി അത് അംഗീകരിച്ചില്ല. ആവശ്യം തള്ളിയതോടെ ഡിഎംകെ ഹൈക്കോടതിയെ സമീപിച്ചു. അര്‍ധരാത്രി ആക്ടിങ് ചീഫ് ജസ്റ്റിസ് പാര്‍ട്ടിയുടെ വാദം കേട്ടു. രാവിലെ കോടതിയില്‍ വാദം തുടര്‍ന്നപ്പോള്‍ സര്‍ക്കാര്‍ അതിശക്തമായി ഡിഎംകെയുടെ ആവശ്യത്തെ എതിര്‍ത്തു. കാരണങ്ങള്‍ ഇവയായിരുന്നു. 

എന്നാല്‍ മറീന സംരക്ഷിക്കണമെന്ന ഹര്‍ജികള്‍ അപ്പാടെ പിന്‍‌വലിക്കപ്പെട്ടതോടെ സര്‍ക്കാരിന്റെ അടിസ്ഥാനവാദം പൊളിഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് രാഷ്ട്രീയഉദ്ദേശത്തോടെയാണെന്ന ഡിഎംകെയുടെ വാദത്തിന് ബലമേറി. ഗാന്ധിമണ്ഡപത്തില്‍ സ്ഥലം നല്‍കാമെന്ന സര്‍ക്കാര്‍ സമീപനവും ഡിഎംകെ നിരസിച്ചു. ഒടുവില്‍ കരുണാനിധി തന്നെ വിജയിച്ചു. മറീനയില്‍ സംസ്കാരത്തിന് ഹൈക്കോടതിയുടെ അനുമതി. കടുത്ത ദുഖത്തിനിടയിലും ഡിഎംകെ പ്രവര്‍ത്തകര്‍ ആശ്വസിക്കാന്‍ അവസരം.

13 തവണ എംഎല്‍എയും അഞ്ചുതവണ മുഖ്യമന്ത്രിയും അരനൂറ്റാണ്ട് പാര്‍ട്ടി അധ്യക്ഷനുമായിരുന്ന നേതാവ് ഒടുവില്‍ തലയെടുപ്പോടെ അര്‍ഹിച്ച ഇടത്തേക്ക്.