അഴഗിരി ഇനി എന്തുചെയ്യും..? ആകാംക്ഷ ഡിഎംകെയില്‍ മാത്രമല്ല..!

‘എന്നുടെ തലൈവന്‍ കലൈഞ്ജറുടെ ഉണ്‍മയാന വിശ്വാസമുള്ള ഉടപ്പിറപ്പുകളെല്ലാം എന്‍ പക്കം താന്‍ ഇരുപ്പാങ്കെ..' കരുണാനിധിയുടെ സംസ്കാരചടങ്ങിനു തൊട്ടുപിന്നാലെയായിരുന്നു ഡിഎംകെയെ ഞെട്ടിച്ച് അഴഗിരിയുടെ ഈ പ്രതികരണം. 2014ല്‍ ഡിഎംകെയില്‍ നിന്ന് പുറത്തായശേഷം ഏറെക്കുറെ നിശബ്ദനായിരുന്നു കരുണാനിധിയുടെയും ദയാലു അമ്മാളിന്‍റെയും മൂത്തമകന്‍. ഇളയമകന്‍ സ്റ്റാന്‍ലിനോടുണ്ടായിരുന്ന അമിതവാല്‍സല്യമാണ് അഴഗിരിയെ കരുണാനിധിയില്‍ നിന്നകറ്റിയത്. 

അഴിമതിക്കേസുകളുടെ കറപുരണ്ട രാഷ്ട്രീയ ജീവിതവും സഹോദരനുമായുണ്ടാക്കിയ അധികാരത്തര്‍ക്കവും തന്‍റെ പിന്‍ഗാമിയായി അഴഗിരിയെ കൊണ്ടുവരുന്നതില്‍ നിന്ന് കരുണാനിധിയെയും വിലക്കി. അരനൂറ്റാണ്ടുകാലം ദ്രാവിഡ മുന്നേറ്റകഴകത്തിന്‍റെ അമരക്കാരനായിരുന്ന പിതാവില്‍ നിന്ന് അധികാരത്തിന്‍റെ ചെങ്കോല്‍ സ്റ്റാലിന്‍ ഏറ്റുവാങ്ങിക്കഴിഞ്ഞു. 

അഴഗിരിയുടെ എക്കാത്തെയും വലിയ പേടി യാഥാര്‍ഥ്യമായി. പാര്‍ട്ടിയിലേക്ക് തിരിച്ചുവരവിനുള്ള ഒരു സാധ്യതയും തല്‍ക്കാലം മുന്നിലില്ല എന്ന് തിരിച്ചറിഞ്ഞുതന്നെയാണ് ഡിഎംകെയുടെ വലിയൊരുവിഭാഗം തനിക്കൊപ്പമുണ്ടെന്ന് അഴഗിരി പ്രഖ്യാപനം നടത്തിയതും. കരുണാനിധിയുടെ പ്രിയപുത്രന്‍ എന്ന സല്‍പ്പേര്  സ്റ്റാന്‍ലിന് എത്രഗുണം ചെയ്യും എന്ന് അഴഗിരിക്കറിയാം. മിതവാദിയായ സഹോദരന്‍റെ പരിവേഷവും പ്രശ്നക്കാരനെന്ന തന്‍റെ പൂര്‍വചരിത്രവും തമ്മില്‍ തുലനം ചെയ്യാനാവില്ലെന്നുമറിയാം. എന്നിട്ടും ഡിഎംകെ കേന്ദ്രങ്ങളില്‍ ചില്ലറ അസ്വസ്ഥതയൊന്നുമല്ല അഴഗിരിയുടെ അവകാശ പ്രഖ്യാപനമുണ്ടാക്കിയത്. കാരണം തമിഴ്നാടിന്‍റെ പ്രത്യേക രാഷ്ട്രീയചരിത്രം വച്ചുനോക്കിയാല്‍ അഴഗിരിയെ അങ്ങനെയങ്ങ് അവഗണിച്ച് തള്ളിക്കളയാനാകില്ല.

മധുര ഉള്‍പ്പെടെ തമിഴ്നാടിന്‍റെ തെക്കന്‍ ജില്ലകളില്‍ ഡിഎംകെ അണി‌കള്‍ക്കിടയില്‍ പ്രിയങ്കരനാണ് അഴഗിരി. അവിടെ ജനങ്ങള്‍ക്കിടയിലും നല്ല സ്വാധീനം. 2001 ലെ നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ അഴഗിരി നിര്‍ത്തിയ വിമതസ്ഥാനാര്‍ഥിക്കുമുന്നില്‍ സ്പീക്കര്‍ പളനിവേല്‍ രാജന്‍ കാലിടറി വീണത് ഡിഎംകെ അത്രപെട്ടെന്ന് മറക്കാനിടയില്ല. 2008 ല്‍ മധുരയില്‍ മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ ഡിഎംകെ ജയിച്ചുകയറിയതും അഴഗിരിയുടെ സ്വാധീനത്തിലായിരുന്നു. 

പ്രത്യുപകാരമായി കരുണാനിധി വാഗ്ദാനം ചെയ്തത് മധുരയിലെ ലോക്സഭാ സ്ഥാനാര്‍ഥിത്വമാണ്. ജയിച്ചുകയറിയ അഴഗിരി കന്നിയങ്കത്തില്‍ തന്നെ മന്ത്രിയുമായി. കേന്ദ്ര രാസവളം മന്ത്രി. ദേശീയരാഷ്ട്രീയത്തിലേക്ക് ശ്രദ്ധതിരിഞ്ഞതോടെ അഴഗിരി അടങ്ങുമെന്ന് കരുണാനിധി പ്രതീക്ഷിച്ചു. സംസ്ഥാനത്ത് സ്റ്റാലിനും കേന്ദ്രത്തില്‍ അഴഗിരിയും ശക്തികേന്ദ്രങ്ങളാകുമെന്ന് വിശ്വസിച്ചു. ആ പ്രതീക്ഷ തെറ്റിക്കുന്നതായി കേന്ദ്രമന്ത്രിയെന്ന നിലയില്‍ അഴഗിരിയുടെ പ്രകടനം. 

കേന്ദ്രമന്ത്രി എന്ന നിലയില്‍ അഴഗിരി

കേന്ദ്ര രാസവളം മന്ത്രി, സ്വന്തം നാട്ടിലും കുടുംബത്തിലും വന്‍കോലാഹലമുണ്ടാക്കിയെങ്കിലും ലോക്സഭയില്‍ പരിപൂര്‍ണനിശബ്ദനായിരുന്നു. ചോദ്യോത്തരവേളയെത്തുമ്പോള്‍ മന്ത്രി സ്ഥലംവിടും. മറുപടി പറയാനുള്ള ചുമതല സഹമന്ത്രി ശ്രീകാന്ത് ജനയ്ക്കാണ്. ഉത്തരമറിയാഞ്ഞിട്ടല്ല, ഭാഷയായിരുന്നു പ്രശ്നം. ഹിന്ദിയും ഇംഗ്ലീഷും അഴഗിരിക്ക് വഴങ്ങില്ല. പ്രതിപക്ഷത്തിന്‍റെ രൂക്ഷമായ പരിഹാസങ്ങള്‍ക്കൊടുവില്‍ സ്ഥാനമേറ്റ് ഒരുവര്‍ഷത്തിനുശേഷം അദ്ദേഹത്തിന്‍റെ ശബ്ദം പാര്‍ലമെന്‍റില്‍ സഹപ്രവര്‍ത്തകര്‍ക്ക് കേള്‍ക്കാനായി. 

2013ല്‍  ശ്രീലങ്കയിലെ തമിഴ് ജനതയുടെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡിഎംകെ എംപിമാര്‍ യുപിഎ സര്‍ക്കാരിനു നല്‍കിയ പിന്തുണ പിന്‍വലിച്ചു രാജിവയ്ക്കാന്‍ തീരുമാനിച്ചു. തീരുമാനമെടുത്തത് തന്നോടാലോചിച്ചല്ല എന്ന നിലപാടില്‍ രാജിവയ്ക്കാന്‍ ആദ്യം വിസമ്മതിച്ച അഴഗിരി കരുണാനിധിയെ മുള്‍മുനയില്‍ നിര്‍ത്തി. അഴിമതിക്കേസുകള്‍ കൂടി ഓരോന്നായി എത്തിയതോടെ 2014ല്‍ പുത്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയല്ലാതെ കരുണാനിധിക്ക് മുന്നില്‍ മറ്റ് മാര്‍ഗമില്ലായിരുന്നു. 

അഴഗിരിയുടെ അഴിമതിക്കേസുകള്‍ 

തമിഴ്നാട്ടില്‍ വോട്ടിന് കാശ് എന്ന രീതിയുടെ ‘ഉടയോന്‍’ തന്നെ അഴഗിരിയാണ്. 2009ല്‍ തിരുമംഗലംഉപതിരഞ്ഞെടുപ്പ് ജയിച്ചത് കാശ് വാരിയെറിഞ്ഞിട്ടാണെന്നത് പരസ്യമായ രഹസ്യം. സ്റ്റാലിന് അനുകൂലമായി വാര്‍ത്തയെഴുതിയ ദിനകരന്‍ പത്രത്തിന്‍റെ മധുര ഓഫിസ് അഴഗിരിയുടെ അണികള്‍ കത്തിച്ചാമ്പലാക്കി. മൂന്നുപേര്‍ കൊല്ലപ്പെട്ടു. അഴഗിരിയെ വിമര്‍ശിച്ച ദിനമലര്‍ പത്രവും ആക്രമണത്തിനിരയായി.

ഡിഎംകെ മന്ത്രിയായിരുന്ന ടി.കിരുട്ടിനന്‍ കൊലക്കേസില്‍ ഗൂഡാലോചന നടത്തിയതിന് അറസ്റ്റിലായി. പിന്നീട് കുറ്റവിമുക്തനായെങ്കിലും ഉള്‍പ്പാര്‍ട്ടി കലഹമായിരുന്നു കൊലയ്ക്കു കാരണമെന്ന് വ്യക്തമായിരുന്നു. അടുപ്പക്കാരില്‍ പലരും അഴിക്കുള്ളിലായി. കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് ഉയര്‍ന്നുവന്ന ദയാ സൈബര്‍പാര്‍ക്ക് ഭൂമി തട്ടിപ്പ് തുടങ്ങി ഒട്ടേറെ കേസുകള്‍. 2011 ലെ ഒൗദ്യോഗിക കണക്കനുസരിച്ച് 450 മില്യണിലേറെ ആസ്തിയുള്ള അതിസമ്പന്നനാണ് കരുണാനിധിയുടെ മൂത്തമകന്‍.

അഴഗിരിയുടെ ഭാവി

അരനൂറ്റാണ്ടുകാലം ഒരുപാര്‍ട്ടിയുടെ അനിഷേധ്യ നേതാവായിരിക്കാന്‍ തക്ക രാഷ്ട്രീയ തന്ത്രജ്ഞതയുള്ള അച്ഛന്‍റെ മകനാണ് അഴഗിരി. സമകാലികരായിരുന്ന പലരെയും പിന്നിലാക്കിയാണ് കരുണാനിധി അണ്ണാദുരൈയില്‍ നിന്ന് പാര്‍ട്ടിയുടെ അധികാരമേറ്റത്. എംജിആറിന്‍റെ താരപ്രഭയില്‍ ആ സ്ഥാനം അടിവരയിട്ടുറപ്പിച്ചു. പാര്‍ട്ടിയെ കുടുംബാധിപത്യത്തിലേക്ക് മാറ്റാനായി എംജിആറുമായി തെറ്റിപ്പിരിയാനും മടിച്ചില്ല കരുണാനിധി. 

അതേ തന്ത്രമാണ് അഴഗിരിയുടെ മനസിലും. സ്റ്റൈല്‍ മന്നന്‍ രജനീകാന്തുമായി കൈകോര്‍ക്കുക. പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന്‍റെ വക്കില്‍ നില്‍ക്കുന്ന രജനി എവിടേക്ക് തിരിയുമെന്നറിയില്ല. കനിമൊഴി കൂടി സ്റ്റാലിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യധാരയിലേക്ക് ശക്തമായി തിരിച്ചെത്താന്‍ നന്നായി പണിപ്പെടേണ്ടിവരും അഴഗിരിക്ക്. ഡിഎംകെയുടെ  സഖ്യകക്ഷിയായ കോണ്‍ഗ്രസും പാര്‍ട്ടി പിളരുന്നതു കാത്തിരിക്കുന്ന ബിജെപിയും അഴഗിരിയുടെ നീക്കങ്ങളില്‍ ജാഗരൂകരാണ്. തട്ടുപൊളിപ്പന്‍ മസാല സിനിമകളേക്കാള്‍ കിടിലന്‍ സീനുകള്‍ കണ്ട തമിഴ് രാഷ്ട്രീയത്തിന് വരുംനാളുകളില്‍ അഴഗിരി ‘നല്ല’ വിഭവമാകും എന്നുറപ്പ്.