രാഷ്ട്രീയപാഠപുസ്തകമായി കരുണാനിധിയുടെ വീട്; അത്യപൂർവചിത്രങ്ങളുടെ പ്രദർശനം

തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധി ജനിച്ചു വളർന്ന നാഗപട്ടണം തിരുക്കുവളൈയിലെ വീട് ഒരു രാഷ്ട്രീയ പാഠപുസ്തകമാണ്. ദേശീയ രാഷ്ട്രീയത്തിലടക്കം നിലനിന്നിരുന്ന കരുണാനിധിയുടെ സ്വാധീനവും സൗഹൃദവും വരച്ചുകാട്ടുന്ന ചിത്രങ്ങളുടെ പ്രദർശനമാണ് ഇവിടുത്തെ പ്രത്യേകത. 

കരുണാനിധി പന്ത്രണ്ടു വയസുവരെ ജീവിച്ച വീട്. കലൈജ്ഞറായി വളരാൻ തുടക്കമിട്ട ഇടം. തമിഴ്നാടിന്റെ രാഷ്ട്രീയ മണ്ണിൽ ഉറച്ചു നിന്ന് വിജയങ്ങൾ കൊയ്ത കരുണാനിധിയുടെ ജീവിതം ഒറ്റ നോട്ടത്തിൽ വായിച്ചെടുക്കാം ഇവിടെത്തിയാൽ. രാഷ്ട്രീയ-സിനിമ മേഖലകളിൽ ഉണ്ടായിരുന്ന ആഴത്തിലുള്ള സൗഹൃദം പ്രദർശിച്ചിപ്പിച്ച ഓരോ ചിത്രങ്ങളും പറഞ്ഞു തരും. അണ്ണാ ദുരൈ, എംജിആർ, ശിവാജി ഗണേശൻ തുടങ്ങിയവരുമൊത്തുള്ള നിമിഷങ്ങൾ, അടിയന്തരാവസ്ഥയ്ക്ക് ശേഷം വിയോജിപ്പുകൾ മറന്ന്, നെഹ്റുവിൻ മകളെ വരൂ എന്ന് പറഞ്ഞ് ഇന്ദിരാഗാന്ധിയെ സ്വാഗതം ചെയ്ത ചരിത്ര മുഹൂർത്തം. കെ.ആർ.നാരായണൻ, എ.ബി.വാജ്പേയി, വി.കെ.കൃഷ്ണമേനോൻ, സോണിയാ ഗാന്ധി തുടങ്ങിയ നിരവധി   പ്രമുഖരൊപ്പമുള്ള ചിത്രങ്ങൾ തുടങ്ങിയവയെല്ലാം കരുണാനിധി എന്ന രാഷ്ട്രീയ ചാണക്യന്റെ ജീവിതം വരച്ചു കാട്ടുന്നതാണ്. ഹിന്ദി വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട അപൂർവ ഫോട്ടോകളും കാണാം.

കരുണാനിധിയുടെ അമ്മയുടെയും  അച്ഛന്റെയും പ്രതിമയുണ്ടാക്കി സൂക്ഷിച്ചിട്ടുണ്ടിവിടെ. കലൈജ്ഞറുടെ കൈപ്പടയിൽ എഴുതിയ കത്തുകളും കവിതകളും കാണാനടക്കം നിരവധിയാളുകളാണ് ദിവസേന എത്താറ്. ഡിഎംകെയ്ക്ക് കീഴിലുള്ള ട്രസ്റ്റാണ് വീട് മ്യൂസിയമാക്കി സംരക്ഷിക്കുന്നത്.