കുഴല്‍ക്കിണറില്‍ 30 മണിക്കൂര്‍; ‘അദ്ഭുത’മായി ഈ കുരുന്ന് ജീവിതത്തിലേക്ക്

മരണത്തെ നേരിട്ട് കണ്ട ശേഷം ആ കുരുന്ന് പുതു ജീവിതത്തിലേക്ക് കടന്നു വന്നത്. 30 മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സനയെന്ന മൂന്നു വയസ്സുകാരിയെ രക്ഷിക്കാനായത്. ബിഹാറിലാണ് രാജ്യം മുഴുവന്‍ ശ്രദ്ധിച്ച രക്ഷാപ്രവര്‍ത്തനം നടന്നത്. 110 അടി താഴ്‌ച്ചയുള്ള കുഴല്‍ കിണറിൽ നിന്നാണ് സനയെ പുറത്തെടുത്തത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണന്നും ആവശ്യമെങ്കിൽ കുടൂതൽ ചികിത്സക്കായി പാട്നയിലേക്ക് അയക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. 

ചൊവ്വാഴ്ചയാണ് സംഭവം. കളിക്കുന്നതിനിടെ തുറന്ന് കിടന്ന കുഴല്‍ കിണറിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു സന. ബിഹാറിൽ ചൈത്തി ദുര്‍ഗാ മന്ദിറിനു സമീപം താമസിക്കുന്ന നച്ചികേത് സായുടെയും, സുധ ദേവിയുടെയും മകളാണ് സന. പിതാവ് ബാങ്ക് ഉദ്യോഗസ്ഥനാണ്. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും വീട്ടിൽ എത്തിയപ്പോഴാണ് ദാരുണ സംഭവം ഉണ്ടായത്.

‌110 അടി താഴ്‌ച്ചയുള്ള കിണറില്‍ 43 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങി കിടന്നത്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഭിനന്ദിച്ചു.