'ശർമ്മാജീ,ആ അഡ്രസിൽ ഒരു ഫോൺ ഓർഡർ ചെയ്തിട്ടുണ്ടേ';ശർമ്മക്ക് വീണ്ടും പണി

സ്വന്തം ആധാർ നമ്പർ വെളിപ്പെടുത്തി പണികിട്ടിയ ട്രായ് ചെയർമാൻ ആർ എസ് ശർമ്മക്ക് ട്രോളഭിഷേകം. ആധാർ സുരക്ഷിതമാണെന്ന് കാണിക്കാൻ സ്വന്തം നമ്പർ പരസ്യപ്പെടുത്തിയ ശർമ്മയുടെ സ്വകാര്യവിവരങ്ങൾ പരസ്യപ്പെടുത്തിയാണ് ഹാക്കർമാർ പണികൊടുത്തത്. 

''ശർമ്മാജീ, നിങ്ങളുടെ അഡ്രസും ഫോൺ നമ്പറും ഉപയോഗിച്ച് ഞാൻ വൺ പ്ലസ് 6 ഓർഡർ ചെയ്തിട്ടുണ്ട്. ക്യാഷ് ഓൺ ഡെലിവറി‌യാണ് കൊടുത്തിരിക്കുന്നത്. പണം നൽകി ആ ഫോൺ എന്റെ സമ്മാനമായി സ്വീകരിച്ചാലും'' ശർമ്മക്കെതിരായ ഹിറ്റ് ട്രോളുകളിലൊന്നാണിത്. 

ശർമ്മയുടെ ബാങ്ക് വിവരങ്ങൾ, പാൻ കാർഡ് നമ്പര്‍, ഫോൺ നമ്പർ എന്നിവയടക്കമാണ് ഹാക്ക് ചെയ്യപ്പെട്ടത്. ശർമ്മയുടെ മേൽവിലാസം, ജനനത്തിയതി, മറ്റൊരു ഫോൺ നമ്പർ എന്നീ വിവരങ്ങൾ എലിയട്ട് ആൻഡേഴ്സൺ എന്ന ഹാക്കറാണ് ചോർത്തിയത്. 

ശർമ്മ നൽകിയ ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ല എന്നും ആൻഡേഴ്സൺ കണ്ടെത്തി. ശര്‍മ്മയുടെ മെയിൽ ഐഡി ഹാക്ക് ചെയ്യാനുള്ള എന്നാ വിവരങ്ങളും കിട്ടിയതായി അവകാശപ്പെട്ട ഹാക്കർമാർ‌ അതിനുള്ള മാർഗവും പരസ്യപ്പെടുത്തി. നേരത്തെ ഹാക്ക് ചെയ്തെടുത്ത ഫോൺ നമ്പർ ഉപയോഗപ്പെടുത്തി വാട്സ്ആപ്പ് അക്കൗണ്ടിന്റെ പ്രൊഫൈൽ പിക്ചറും ലഭിക്കുന്നതാണെന്ന് ഓർമ്മിപ്പിച്ചു.

നമ്പർ പരസ്യമാക്കുന്നതിലെ കുഴപ്പങ്ങളും ആധാർ വിവരങ്ങൾ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയും ഹാക്കർമാർ ഓർമിപ്പിച്ചു. സ്വകാര്യവിവരങ്ങൾ എല്ലാം പരസ്യമായിട്ടും ഹാക്കർമാർക്ക് മുന്നിൽ തോൽവി സമ്മതിക്കാൻ ശർമ്മ തയ്യാറായിട്ടില്ല. ആധാർ നമ്പർ ഉപയോഗിച്ചല്ല തന്റെ വിവരങ്ങൾ ചോർത്തിയത് എന്ന ന്യായമാണ് ശർമ്മ മുന്നോട്ടുവെക്കുന്നത്. ഇതേ നിലപാടാണ് കേന്ദ്രവും ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത്. 

ഗൂഗിളിൽ നിന്നാണ് ശർമ്മയുടെ വിവരങ്ങൾ ഹാക്കർമാർക്ക് ലഭിച്ചതെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.