ജസ്റ്റിസ് ജെ ചലമേശ്വർ വിരമിച്ചു; എ കെ സിക്രി കൊളീജിയത്തിലേക്ക്

അസാധാരണപ്രതിഷേധത്തിലൂടെ ഇന്ത്യന്‍ ജുഡീഷ്യറിയില്‍ ചരിത്രം സൃഷ്ടിച്ച സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ജെ. ചെലമേശ്വര്‍ വിരമിച്ചു. വിടവാങ്ങല്‍ ചടങ്ങ് വേണ്ടെന്ന് ചെലമേശ്വര്‍ നിര്‍േദശിച്ചിരുന്നു. ചെലമേശ്വര്‍ ഒഴിയുന്നതോടെ ജസ്റ്റിസ് എ.കെ.സിക്രി സുപ്രീംകോടതി കൊളീജിയത്തിലെത്തും. 

ജനാധിപത്യം അപകടത്തിലാണെന്ന് രാജ്യത്തോട് വിളിച്ചുപറഞ്ഞ ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ വിരമിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായുളള അഭിപ്രായവ്യത്യാസം അതേപടി നിലനില്‍ക്കുകയാണ്. സുപ്രീംകോടതി മധ്യവേനലധിയ്ക്കായി അടച്ചതിനാല്‍ ഹൈദരാബാദിലെ സ്വവസതിയിലാണ് ചെലമേശ്വര്‍ വിരമിക്കല്‍ ദിനം ചെലവഴച്ചത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ രണ്ടായിരത്തി പതിനൊന്ന് ഒക്ടോബര്‍ പത്തിനാണ് ചെലമേശ്വര്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായത്. ജുഡീഷ്യല്‍ നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കണമെന്ന് എല്ലായ്പ്പോഴും നിലപാടെടുത്തു. കൊളീജിയത്തിന് പകരം ദേശീയ ജുഡീഷ്യല്‍ നിയമനകമ്മിഷനെ നിയോഗിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് സുപ്രീംകോടതി ഭരണഘടനാബെഞ്ച് തളളിയപ്പോള്‍ ചെലമേശ്വര്‍ മാത്രമാണ് എതിര്‍ത്തത്. കേസുകള്‍ ബെഞ്ചുകള്‍ക്ക് തോന്നുപടി വീതിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാടിനെതിരെയും നിരന്തരം കലഹിച്ചു. ജസ്റ്റിസ് കെ.എം.ജോസഫിന്‍റെ നിയമനം അടക്കം വിവാദവിഷയങ്ങളില്‍ ചെലമേശ്വറിന് പകരം കൊളീജിയത്തിലെത്തുന്ന ജസ്റ്റിസ് എ.കെ.സിക്രിയുടെ നിലപാട് നിര്‍ണായകമാകും.