‘ആര്‍എസ്എസ് ക്യാംപില്‍ പോകൂ; അവരെ പറഞ്ഞ് മനസ്സിലാക്കൂ’; പ്രണബിനോട് കോണ്‍ഗ്രസ്

നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെ പരിശീലന ക്യാമ്പിൽ പങ്കെടുക്കാനുള്ള മുൻ രാഷട്രപതി പ്രണബ് മുഖർജിയുടെ തീരുമാനം കോൺഗ്രസ് നേതാക്കളെ ഞെട്ടിക്കുന്നതായിരുന്നു. പല മുതിർന്ന നേതാക്കളും പ്രണബ് മുഖർജിയുടെ തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. മുൻ കേന്ദ്രമന്ത്രി പി ചിദംബരവും പ്രണബിന്റെ തീരുമാനത്തിൽ ഖേദം അറിയിച്ചിരിക്കുകയാണ്. 

'മന്ത്രിസഭയിൽ ഒരുമിച്ച് പ്രവർത്തിച്ചവര്‍ എന്ന നിലയിൽ അപേക്ഷിക്കുകയാണ്, താങ്കൾ എന്തായാലും അവരുടെ ക്ഷണം സ്വീകരിച്ച് ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചു, ഇനി പോകേണ്ട എന്ന് പറയില്ല. അവിടെ ചെന്നിട്ട് അവരുടെ ആശയങ്ങളിലെ തെറ്റുകള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുക' എന്നാണ് ചിദംബംരം പറ‍ഞ്ഞത്. മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായിരുന്ന അഭിഷേക് സിങ്‍വിയുടെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് ചിദംബംരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. അഭിഷേക് സിങ്‍വിയും വിഷയത്തിൽ പ്രതികരണം നടത്തി. ഈ ഒരു കാരണം കൊണ്ട് മുൻ രാഷ്ട്രപതിയെ കുറ്റപ്പെടുത്തേണ്ടെന്നും അദ്ദേഹം അവിടെ പോയി എന്താണ് സംസാരിക്കുന്നത് എന്നറിഞ്ഞതിന് ശേഷം മതി വിലയിരുത്തലുകളുമെന്നാണ് സിങ്‍വി പറഞ്ഞത്. 

കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രണബിന്റെ തീരുമാനത്തെ അപലപിച്ചു. ആർ.എസ്.എസ്.പരിപാടിയിൽ പങ്കെടുക്കാനുളള മുൻരാഷ്ട്രപതിയുടെ തീരുമാനം ഇന്ത്യയുടെ ജനാധിപത്യ മനസിനെ ആഴത്തിൽ മുറിപ്പെടുത്തിയിരിക്കുന്നുവെന്നും തീരുമാനത്തിൽ നിന്നും പ്രണബ് മുഖർജി പിന്മാറണം എന്നാവശ്യപ്പെട്ട് അദ്ദേഹത്തിന് മെയിൽ അയച്ചിട്ടുണ്ടെന്നുമാണ് രമേശ് ചെന്നിത്തല ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പ്രണബ് ദായുടെ തീരുമാനം ഞെട്ടിക്കുന്നതാണെന്നറിയിച്ച് കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിതും പരസ്യമായി രംഗത്തെത്തിയിരുന്നു.

നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് ജൂണ്‍ ഏഴിന് നടക്കുന്ന സംഘ ശിക്ഷ വര്‍ഗ് പരിശീലന ക്യാംപിന്റെ സമാപനസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനാണ് മുന്‍ രാഷ്ട്രപതിയെ ക്ഷണിച്ചത്. ആര്‍.എസ്.എസ് സര്‍ സംഘ ചാലക് മോഹന്‍ ഭാഗവതിന്റെ ക്ഷണം പ്രണബ് സ്വീകരിച്ചതോടെയാണ് സംഭവം വിവാദമായത്. രാഷ്ട്രപതിയാകുന്നതിന് മുന്‍പ് കോണ്‍ഗ്രസിന്റെ ശക്തനായ വക്താവും ഇന്ദിരയുടെയും സോണിയയുടെയും വിശ്വസ്തനുമായിരുന്ന പ്രണബിന്റെ നീക്കം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. പരിപാടിയില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് കോണ്‍ഗ്രസ് ഉന്നതനേതാക്കള്‍ പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടെങ്കിലും  തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രണബ് അറിയിച്ചു. 

ആര്‍.എസ്.എസ് നിരോധിത സംഘടയല്ലെന്നായിരുന്നു പ്രണബിന്റെ നിലപാട്.  രാജ്യത്തെ അത്യുന്നത പദവിവഹിച്ചതിനാല്‍ ഒരു രാഷ്ട്രിയ പ്രസ്ഥാനത്തോടും  ആഭിമുഖ്യമോ, വിരോധമോ വച്ചുപുലര്‍ത്തേണ്ടതില്ലെന്നും അദ്ദേഹം നിലപാടെടുത്തു.