ഭരണഘടനയുടെ ഉറ്റ തോഴൻ; കരുത്തുറ്റ രാഷ്ട്രപതി; പ്രണബ് മുഖർജിയെ ഓർക്കുമ്പോൾ

സ്വന്തം നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമ്പോഴും രാഷ്ട്രപതി എന്ന നിലയില്‍ ഭരിക്കുന്ന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ പ്രണബ് മുഖര്‍ജി ശ്രദ്ധിച്ചിരുന്നു. മോദി ഭരണകാലത്ത് കോണ്‍ഗ്രസുകാരനായ രാഷ്ട്രപതിയില്‍ നിന്ന് പ്രതിപക്ഷം പ്രതീക്ഷിച്ചതൊന്നും പ്രണബില്‍ നിന്നുണ്ടായില്ല. ഏറ്റവും കൂടുതല്‍ ദയാഹര്‍ജികളില്‍ തീര്‍പ്പുകല്‍പ്പിച്ചതും പ്രണബ് മുഖര്‍ജിയെന്ന രാഷ്ട്രപതിയാണ്.

രാഷ്ട്രീയത്തിനുമുപരി ഭരണഘടനയില്‍ ഉറച്ച് നിന്നു കൊണ്ടായിരുന്നു അഞ്ച് വര്‍ഷവും രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി പ്രവര്‍ത്തിച്ചത്. രാഷ്ട്രപതി പദം ഒരു ആലങ്കാരിക പദവി മാത്രമല്ലെന്നും പ്രണബിന്‍റെ കാലഘട്ടം തെളിയിച്ചു. പാര്‍ലമെന്‍റ് തടസപ്പെടുമ്പോഴും അസഹിഷ്ണുത അഴിഞ്ഞാടുമ്പോഴും ക്യാംപസുകളില്‍ വിദ്യാര്‍ഥികള്‍ അക്രമത്തിനിരയായപ്പോഴും പ്രണബ് തന്‍റെ സ്വരം കടുപ്പിച്ചു. ഈ കാലഘട്ടത്തില്‍ മാധ്യമങ്ങള്‍ക്ക് ഒരു അഭിമുഖം പോലും നല്‍കിയില്ലെങ്കിലും പറയേണ്ട സമയത്ത് പറയേണ്ടത് പറയാന്‍ പ്രണബിനറിയാമായിരുന്നു. സര്‍ക്കാരുമായി ഏറ്റുമുട്ടാനോ ഭരണത്തിന് തടസമുണ്ടാക്കാനോ പ്രണബ് മുഖര്‍ജി ശ്രമിച്ചില്ല. തന്നെ മകനെപ്പോലെ ഉപദേശിച്ചുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രണബിനെക്കുറിച്ച് പറഞ്ഞത്. ഇന്ത്യയിലെ നിയമനിര്‍മാണങ്ങള്‍ ചര്‍ച്ചകളിലൂടെയും ഇഴകീറിയുള്ള പരിശോധനയിലൂടെയും വേണം. ഇതില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രത്തിന്‍റെ വിശ്വാസ്യതയ്ക്കാണ് ഇടിവ് സംഭവിക്കുക... ഇതായിരുന്നു പ്രണബ് മുഖര്‍ജിയുടെ നിലപാട്.

രാഷട്രപതി സ്ഥാനമൊഴിഞ്ഞ ശേഷം ആര്‍.എസ്.എസ് ആസ്ഥാനത്ത് സംഘശിക്ഷാ വര്‍ഗില്‍ പങ്കെടുത്ത പ്രണബിന്‍റെ അപ്രതീക്ഷിത നീക്കം കോണ്‍ഗ്രസിനെ പോലും ഞെട്ടിച്ചു. എന്നാല്‍ രാഷ്ട്രീയത്തിനതീതനാണ് താനെന്ന സന്ദേശമാണ് ഇതിലൂടെ അദ്ദേഹം നല്‍കിയത്. അതാണ് പ്രണബ് ദാ...കോണ്‍ഗ്രസിലെ അതികായനായാണ് അറിയപ്പെട്ടതെങ്കിലും പ്രണബിന്‍റെ ജീവിത കാലഘട്ടം മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത അദ്ദേഹത്തിന്‍റെ സ്വന്തം രാഷ്ട്രീയം തന്നെയായിരുന്നു.