'മാൻ ഓഫ് ഓൾ സീസൺസ്'; കോൺഗ്രസിന്റെ ഒരേയൊരു പ്രണബ് ദാ

പ്രശ്നങ്ങള്‍ ഏതുമാകട്ടെ, പ്രതിസന്ധികള്‍ എത്ര ആഴമുള്ളതുമാകട്ടെ പരിഹാരത്തിന് പ്രണബ് ദായുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിനെ മുന്നോട്ടു നയിച്ചത് ഈ ആത്മവിശ്വാസമായിരുന്നു. മാന്‍ ഒാഫ് ഒാള്‍ സീസണ്‍സ്. പ്രണബ് മുഖര്‍ജിയുടെ മികവിനെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളത് ഈ വിശേഷണത്തോടെയാണ്. അര്‍ഹതയുണ്ടായിരുന്നിട്ടും പ്രധാനമന്ത്രിപദം മാത്രം അകലെയായിരുന്നു.

യുപിഎ സര്‍ക്കാരിന്‍റെ ട്രമ്പിള്‍ ഷൂട്ടറായിരുന്നു പ്രണബ് മുഖര്‍ജി. മാസ് ലീഡറായിരുന്നില്ല. എതിര്‍പക്ഷത്തുള്ളവരെയും സുഹൃത്തുക്കാളാക്കുന്ന നയചാതുരിയുടെ ഉടമ. ബുദ്ധികൂര്‍മതയുള്ള ബംഗാളി ഭദ്രലോക്. സ്വാതന്ത്ര്യസമര സേനാനിയും വെസ്റ്റ് ബംഗാള്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായിരുന്ന കെ.കെ മുഖര്‍ജിയാണ് പിതാവ്. രക്തത്തില്‍ തന്നെ രാഷ്ട്രീയം അങ്ങിനെ അലിഞ്ഞു കിടപ്പുണ്ട്. ക്ലര്‍ക്കിന്‍റെയും കലാലയ അധ്യാപകന്‍റെയും മാധ്യമപ്രവര്‍ത്തകന്‍റെയും വേഷപ്പകര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു രാഷ്ട്രീയപ്രവേശം. വി.കെ കൃഷ്ണമേനോന്‍റെ മിഡ്നാപ്പുര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാന്‍ പിടിച്ച യുവാവ് ഇന്ദിരാ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുന്നതോടെയാണ് ട്വിറ്റ്. അടിയന്തരാവസ്ഥക്കാലത്ത് അധികാരദുര്‍വിനിയോഗത്തിന്‍റെ ആരോപണ നിഴലില്‍. െഎഎംഎഫ് വായ്പ തിരിച്ചടച്ച് ഇന്ദിരാ ഗാന്ധിക്ക് കൈയടി വാങ്ങിക്കൊടുത്തു. കോണ്‍ഗ്രസ് വിട്ടതാണ് തന്‍റെ ജീവിതത്തില്‍ പറ്റിയ തെറ്റെന്ന് പ്രണബ് മുഖര്‍ജി ഏറ്റുപറഞ്ഞിട്ടുണ്ട്. 

സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കാന്‍ മുന്‍നിരയിലുണ്ടായിരുന്നു. മന്‍മോഹന്‍ സിങ് മന്ത്രിസഭയിലെ ഏറ്റവും കരുത്തന്‍. യുപിഎ സര്‍ക്കാരിന് പുറത്തുനിന്നും പിന്തുണ നല്‍കിയ ഇടതുപാര്‍ട്ടികളുടെ കലഹങ്ങള്‍ അനുനയിപ്പിച്ചത് പ്രണബ് മുഖര്‍ജിയായിരുന്നു. പേറ്റന്‍റ് ബില്ലിന്‍റെ അംഗീകാരം അതിന് ഉദാഹരണം. പ്രതിരോധമന്ത്രിയായിരിക്കെ അമേരിക്കയുമായി കൂടുതല്‍‌ സഹകരണത്തിന് വഴിതുറന്നു. റഷ്യയുമായുള്ള പങ്കാളിത്തം തകര്‍ക്കാതെ. വിദേശകാര്യമന്ത്രിയായിരിക്കെ അണവകരാര്‍ യഥാര്‍ഥ്യമാക്കി. മുംബൈ ഭീകരാക്രമണ ശേഷം പാക്കിസ്ഥാനെതിരെ ഇന്ത്യക്കൊപ്പം ലോകത്തെ നിര്‍ത്താന്‍ കഴിഞ്ഞു. WTO ചര്‍ച്ചകളില്‍ വാണിജ്യമന്ത്രിയെന്ന മികവ് രാജ്യമറിഞ്ഞു. ആസൂത്രണക്കമ്മിഷന്‍ ഉപാധ്യക്ഷനായ തൊണ്ണൂറുകളിലാണ് സാമ്പത്തിക പരിഷ്ക്കരണത്തിന് രാജ്യം സാക്ഷിയായത്. നികുതി പരിഷ്ക്കരണങ്ങള്‍ക്ക് ധനമന്ത്രിയായിരിക്കെ മുന്നിട്ടിറങ്ങിയ പ്രണബ് മുഖര്‍ജി തന്നെയാണ് ജിഎസ്ടി യഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും. 2010ല്‍ ഏഷ്യയിലെ മികച്ച ധനമന്ത്രിയായി എമര്‍ജിങ് മാര്‍ക്കറ്റ്സ് എന്ന മാധ്യമം വിശേഷിപ്പിച്ചു. സങ്കീര്‍ണ സാഹചര്യമുണ്ടായാല്‍ പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതിയില്‍ മന്ത്രിതല സമിതിയുണ്ടാക്കുക എന്ന പതിവുപോലും ദേശീയ രാഷ്ട്രീയത്തിലുണ്ടായിരുന്നു.