കോവിഡിനിടയിലും പ്രണബ് മുഖർജിക്ക് അർഹിക്കുന്ന യാത്രയയപ്പ് നൽകി രാജ്യം

മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായിരുന്ന  പ്രണബ് മുഖർജിക്ക് രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി.പൂർണ ഔദ്യോഗിക ബഹുമതികളോടെ ലോധി റോഡ് ശ്മശനത്തിൽ സംസ്കാരം നടന്നു. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്,  രാഹുൽ ഗാന്ധി  തുടങ്ങി രാഷ്ട്രീയ സംസ്‍കാരിക മേഖലയിലെ പ്രമുഖർ പ്രണബിന് അന്തിമോപചാരം അർപ്പിച്ചു. 

13 മത് രാഷ്ട്രപതിയും ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യനുമായ പ്രണബ് മുഖർജിക്ക് രാജ്യത്തിന്റെ യാത്രാമൊഴി. കോവിഡ് മാനദന്ധങ്ങൾ പാലിച്ച്  പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു  സംസ്കാര ചടങ്ങുകൾ. 

രാവിലെ ഒമ്പതരയോടെ  രാജാജി നഗറിലെ ഔദ്യോഗിക  വസതിയിൽ എത്തിച്ച  ഭൗതിക ദേഹത്തിൽ  രാഷ്‌ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു. 

കോൺഗ്രസിന്റെ രാഷ്ട്രീയ ചാണക്യന് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും പ്രണാമം. 

കോവിഡ് ബാധിച്ചിരുന്നതിനാൽ  മറ്റൊരു മുറിയിൽ പ്രണബ് മുഖർജിയുടെ ഛായ ചിത്രത്തിന് മുൻപിലാണ് അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ആർ.എസ്. എസ് മേധാവി മോഹൻ  ഭാഗവത് തുടങ്ങിയ നിരവധി നേതാക്കളും  പ്രണബിന് അന്തിമോപചാരം അർപ്പിക്കാൻ എത്തി. പൊതു ജനങ്ങൾക്ക് വേണ്ടിയും ഭൗതിക ദേഹം അല്പസമയം പൊതു ദർശനത്തിന് വെച്ചിരുന്നു. പ്രണബിനോടുള്ള ആദര സൂചകമായി രാജ്യത്ത് ഒരാഴ്ചത്തെ  ദുഖചാരണം പ്രഖ്യാപിച്ചിരിക്കുകയാണ്.