പ്രണബ് മുഖര്‍ജിയുടെ 'മലയാള' സ്നേഹം; ഒാർത്തെടുത്ത് പെരുമ്പടം

അന്തരിച്ച മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി മലയാളത്തിനോടുകാട്ടിയ അതുല്യസ്നേഹം അനുമസ്മരിച്ച് സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍. എട്ടുവര്‍ഷം മുമ്പ് വിശ്വമലയാള സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിലാണ് പ്രണബിന്റെ ഭാഷാസ്നേഹം അടുത്തറിയാന്‍ സാധിച്ചതെന്ന് അന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കൂടിയായിരുന്ന പെരുമ്പടവം ഒാര്‍ത്തെടുക്കുന്നു.

 മലയാളഭാഷാ ചരിത്രത്തിലെ സുപ്രധാന ദിവസമായിരുന്നു അത്. 2012 ഒക്ടോബര്‍ 31. തിരുവനന്തപുരത്ത് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ വിശ്വമലയാള സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ അന്ന് രാഷ്ടപത്രിയായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി തന്നെ എത്തി.  ജ്ഞാനപീഠ ജേതാക്കളായ എം.ടി. വാസുദേവൻ നായരുടെയും ഒഎൻവി കുറുപ്പിന്‍റെയും  സാന്നിധ്യത്തിലാണു രാഷ്ട്രപതി മലയാള മഹോൽസവത്തിനു തിരി തെളിച്ചത്.

 എത്ര പാരമ്പര്യമുള്ള ഭാഷയാണെങ്കിലും പുതിയ തലമുറയുടെ ആവശ്യങ്ങൾക്കനുസരിച്ചു വളരാത്ത ഭാഷയ്ക്കു നിലനിൽക്കാനാവില്ലെന്ന് അന്ന് പ്രണബ് ദാ ഒാര്‍മിച്ചു. സാഹിത്യത്തോടും സാഹിത്യകാരന്മാരോടുമുള്ള പ്രണബിന്റെ സ്നേഹം അടുത്തറഞ്ഞു. 2013 മേയ് 23 ന് കേന്ദ്രസമന്ത്രിസഭ മലയാളത്തിന് ശ്രേഷ്ഠപദവിപ്രഖ്യപിക്കുന്നതിലേയ്ക്കുള്ള  വലിയ ചുവടുവെയ്പ്പായിമാറി അത്.