‘വവ്വാല്‍ മേഖല’ നിരീക്ഷണത്തില്‍; മഹാരാഷ്ട്രയില്‍ നിപ്പ പ്രതിരോധം ഇങ്ങനെ

നിപ്പ വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ച് മഹാരാഷ്ട്രയും. കേരളത്തിൽ നിപ്പ പടരുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്ര മുൻകൂട്ടി പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നത്. ഇതിന്‍റെ ഭാഗമായി മഹാരാഷട്ര മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും സംയുക്തമായാണ് പ്രവർത്തനം. വലിയ തോതിൽ വവ്വാലുകൾ വസിക്കുന്ന പ്രദേശങ്ങളെ മൃഗസംരക്ഷണ വകുപ്പ് പ്രത്യേകമായി നിരീക്ഷിക്കും. പടിഞ്ഞാറൻ മഹാരാഷ്ട്രയിലാണ് വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്നത്.

കേന്ദ്ര സർക്കാർ ഇതിനകം തന്നെ എല്ലാ സംസ്ഥാനങ്ങളിലും നിപ്പ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. അതനുസരിച്ച് വനം വകുപ്പും മൃഗസംരക്ഷണവകുപ്പും കൈകോർത്താണ് പ്രവർത്തിക്കുന്നത്. വവ്വാലുകളുടെ വാസസ്ഥലങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ട്. വവ്വാലുകൾ കുട്ടത്തോടെ ചാവുന്നുണ്ടോ എന്നറിയാനുമുള്ള മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് മഹാരാഷ്ട്ര മൃഗസംരക്ഷണ വകുപ്പ് കമ്മീഷണർ കാന്തിലാൽ ഉമാപ് വ്യക്തമാക്കിയത്. ഗോവയുടെ അതിർത്തിയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.പന്നി വളർത്തൽ കേന്ദ്രങ്ങളിലും പരിശോധനകൾ നടക്കുന്നുണ്ട്. 

കേരളത്തിൽ നിപ്പ വൈറസ് പടർന്ന് നിരവധിപ്പേരുടെ ജീവൻ കവർന്ന സാഹചര്യത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലും പ്രതിരോധപ്രവർത്തനം ശക്തമാക്കിയിരിക്കുന്നത്. നിപ്പ രോഗലക്ഷണത്തോടെ കുറച്ചുപേർ കൂടി നിരീക്ഷണത്തിലാണ്. തമിഴ്നാട്ടിലും നിപ്പ ഭീതിയിൽ ഒരാൾ ചികിത്സയിലാണ്. അതേസമയം നിപ്പ വൈറസിന്റെ ഉറവിടം വവ്വാലുകളില്‍ നിന്നാണോയെന്ന് ഇന്നറിയാം. ഭോപ്പാലിലെ അതിസുരക്ഷാലാബില്‍ നിന്നുള്ള പരിശോധന ഫലം ഇന്നുലഭിക്കും.