'ജീവനോടെ പിടികൂടുക..'; കശ്മീര്‍ ഭീകരരെ കൊല്ലില്ല; പുതുനയവുമായി സൈന്യം

ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെയുള്ള സുരക്ഷാസേനയുടെ പരമ്പരാഗതരീതികളില്‍ അടിമുടി പരിഷ്കരണം. ഭീകരരെ വെടിവെച്ചുകൊല്ലുന്നതിന് പകരം 'ജീവനോടെ പിടികൂടുക' എന്നതിനായിരിക്കും ഇനി സൈന്യം പ്രാധാന്യം നല്‍കുക. പ്രചോദനവും ബോധവത്ക്കരണവും നല്‍കി ഇവരെ തിരികെ കുടുംബങ്ങളിലേക്ക് മടക്കി അയക്കുക എന്ന ലക്ഷ്യവും സൈന്യത്തിനുണ്ടാകും. യുവാക്കളെ ലക്ഷ്യം വെച്ചാണ് പുതിയ തീരുമാണം. 

ഭീകരവാദപ്രവര്‍ത്തനങ്ങളെ വേരോടെ പിഴുതുമാറ്റുക എന്നതാണ് പുതിയ നീക്കത്തിലൂടെ സൈന്യം ലക്ഷ്യം വെക്കുന്നതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പിടികൂടുന്ന യുവാക്കളെ ബോധവത്ക്കരണം നടത്തി കുടുംബങ്ങളിലേക്ക് മടക്കിയയക്കാനാകുമെന്നാണ് സൈന്യം കരുതുന്നത്. 

റമസാന്‍ പ്രമാണിച്ച് ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കശ്മീര്‍ സന്ദര്‍ശനത്തിനിടെ സംസ്ഥാനത്തെ യുവാക്കളോട് മുഖ്യധാരയിലേക്ക് തിരികെയെത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. കല്ലെറിഞ്ഞും ആയുധമെടുത്തും നാടിനെ പ്രശ്നത്തിലാക്കരുതെന്നും മോദി പറ‍ഞ്ഞു. ഇതിന്‍റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനവും. 

കഴിഞ്ഞ ഏഴ് മാസത്തിനിടെ 70ഓളം ഭീകരരെയാണ് വിവിധ ഓപ്പറേഷനുകളിലായി സുരക്ഷാസേന കൊലപ്പെടുത്തിയത്.