ആ പച്ചവെളിച്ചം നോക്കിയിരുന്നു അച്ഛൻ; ‘മറീനുകള്‍ വാതിലില്‍ മുട്ടി; കേട്ടത് മകന്റെ മരണവാര്‍ത്ത’

 റൈലീ മക്കല്ലം എന്ന ഇരുപതുകാരനായ യുഎസ് സൈനികന്‍ തന്റെ മറൈന്‍ യൂണിറ്റിനൊപ്പം അഫ്ഗാനിസ്ഥാനില്‍ എത്തിയെന്ന് അറിഞ്ഞതു മുതല്‍ പിതാവായ ജിം, റൈലിയുടെ ഫോണിലെ മെസേജിങ് ആപ്പിലുള്ള പച്ചവെളിച്ചം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. മകനുമായി ഫോണില്‍ സംസാരിക്കാന്‍ കഴിയാതിരുന്നതു കൊണ്ട് ആപ്പിലെ പച്ച നിറം നോക്കിയാണ് മകന്‍ ഓണ്‍ലൈന്‍ ആണെന്നും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നത്. 

വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 13 യുഎസ് മറീനുകള്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത അറിഞ്ഞയുടന്‍ ജിം ഓടിച്ചെന്ന് ഫോണെടുത്ത് മകന്റെ മെസേജിങ് ആപ്പില്‍ പച്ച വെളിച്ചം തിരഞ്ഞു. എന്നാല്‍ അത് അണഞ്ഞിരുന്നു. ഉടന്‍ തന്നെ അദ്ദേഹം സന്ദേശം അയച്ചു. ‘ഹേയ് മാന്‍, യു ഗുഡ്?’ . പച്ചവെളിച്ചം കാണാതിരുന്നപ്പോള്‍ തന്നെ മനസ്സില്‍ വല്ലാത്ത ഭയമുണ്ടായിരുന്നുവെന്നു ജിം പറഞ്ഞു. 

കാബൂള്‍ വിമാനത്താവളത്തിലെ ചാവേര്‍ സ്‌ഫോടനത്തില്‍ മകന്‍ മരിച്ചുവെന്ന വാര്‍ത്തയാണ് പിന്നീട് അദ്ദേഹത്തെ തേടിയെത്തിയത്. പുലര്‍ച്ചെ 3.30ന് വീട്ടുവാതിലില്‍ മുട്ടു കേട്ടപ്പോള്‍ ഭയപ്പെട്ടത് ശരിയാകരുതേയെന്ന പ്രാര്‍ഥനയായിരുന്നു ജിമ്മിന്റെ മനസില്‍. പക്ഷെ ഫലമുണ്ടായില്ല. വാതില്‍ തുറന്നപ്പോള്‍ ആ ദുരന്തവാര്‍ത്ത അറിയിക്കാനായി രണ്ട് യുഎസ് മറീനുകളാണ് എത്തിയിരുന്നതെന്നും അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസിനോടു പറഞ്ഞു. 

അടുത്തിടെ വിവാഹിതനായ റൈലീ പിതാവാകാന്‍ കാത്തിരിക്കുന്നതിനിടെയാണ് ആദ്യത്തെ വിദേശദൗത്യവുമായി അഫ്ഗാനിലേക്കു പോയത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടവരില്‍ ആദ്യം തിരിച്ചറിഞ്ഞ യുഎസ് സൈനികരില്‍ ഒരാള്‍ റൈലിയാണ്. ഒഴിപ്പിക്കല്‍ നടപടികള്‍ക്കു സഹായം നല്‍കാനായി ജോര്‍ദാനില്‍നിന്നാണ് മക്കല്ലത്തിന്റെ യൂണിറ്റിനെ അഫ്ഗാനിലേക്ക് അയച്ചതെന്നു പിതാവ് പറഞ്ഞു. വിമാനത്താവളത്തിലെ ചെക് പോയിന്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് ചാവേര്‍ സ്‌ഫോടനം ഉണ്ടായത്.

നല്ല മനുഷ്യനായിരുന്നു റൈലിയെന്ന് പിതാവ് ജിം പറഞ്ഞു. മൂന്നു വയസ്സ് മുതല്‍തന്നെ സൈനികന്‍ ആകണമെന്നായിരുന്നു റൈലിയുടെ ആഗ്രഹം. അനീതിക്കെതിരെ എപ്പോഴും പ്രതികരിച്ചിരുന്നു. തികഞ്ഞ ദേശസ്‌നേഹിയായിരുന്ന റൈലി പതിനെട്ടാം വയസ്സിൽ സൈന്യത്തിന്റെ ഭാഗമായി. അവൻ ഹീറോയാണ്. ആളുകളെ സഹായിക്കുന്നതിനിടെയാണ് അവന്റെ ജീവന്‍ വെടിഞ്ഞിരിക്കുന്നതെന്നും വികാരഭരിതനായി ആ അച്ഛൻ പറഞ്ഞു.