‘നായയ്ക്ക് വാജുഭായ് വാല എന്നുപേരിടൂ’; വിവാദവാക്കുകളുമായി കോണ്‍ഗ്രസ് നേതാവ്, എതിര്‍ത്ത് ബിജെപി

കര്‍ണാടകത്തിലെ വിവാദങ്ങളും പിരിമുറുക്കങ്ങളും രാഷ്ട്രീയനാടകങ്ങളും അവസാനിച്ചെങ്കിലും ചോദ്യങ്ങള്‍ ഏറെ ബാക്കി നില്‍ക്കുകയാണ്. ഇതില്‍ ആദ്യം ഉത്തരം നല്‍കേണ്ടി വരുക കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയായിരിക്കും. കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യം ബുധാനാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരൂപം രംഗത്തെത്തി. നായയോടാണ് ഗവര്‍ണറെ അദ്ദേഹം ഉപമിച്ചത്. 

‘വിശ്വസ്തതയ്ക്ക് വലിയ വില കല്‍പ്പിക്കുന്നയാളാണ് അദ്ദേഹം. അതുകൊണ്ട്  ഓരോ ഇന്ത്യന്‍ പൗരനും ഇനി തങ്ങളുടെ നായയ്ക്ക് വാജുപേയി വാല എന്ന് പേര് വയ്ക്കണം. കാരണം അദ്ദേഹത്തോളം കൂറ് പുലര്‍ത്തുന്ന മറ്റൊരാളില്ല’ എന്നായിരുന്നു സഞ്ജയ് നിരുപമിന്‍റെ വിമര്‍ശനം. ഇതിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിന് ഗവര്‍ണര്‍മാരെ ബഹുമാനിക്കാന്‍ അറിയില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ ആരോപിച്ചു. ഇതെതുടര്‍ന്ന് സഞ്ജയുടെ പ്രസ്താവനയെ അനുകൂലിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാലയും വ്യക്തമാക്കി. 

ഭൂരിപക്ഷം ഇല്ലാഞ്ഞിട്ടും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി വന്‍വിവാദമായിരുന്നു. ഇതോടൊപ്പം യെഡിയൂരപ്പ രാജിയും വച്ചതോടെ പ്രതിസന്ധിയിലായത് ഗവര്‍ണറാണ്.  മന്ത്രിസഭ രൂപീകരിക്കാന്‍ 15 ദിവസത്തെ സമയമാണ് ഗവര്‍ണര്‍ യെഡിയൂരപ്പയ്ക്ക് നല്‍കിയത്. പക്ഷേ സത്യപ്രതിജ്ഞ ചെയ്തു 55 മണിക്കൂര്‍ പിന്നിടുമ്പോഴേക്കും അദ്ദേഹത്തിന് രാജി വയ്ക്കേണ്ടിവന്നു.