യെഡിയൂരപ്പയുടെ മകന്‍ വിജയേന്ദ്രക്ക് സീറ്റ് നൽകാത്തതിനെതിരെ വന്‍ പ്രതിഷേധം

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി എസ് യെഡിയൂരപ്പയുടെ മകന്‍ വിജയേന്ദ്രക്ക് സീറ്റ് നല്കാത്തത്തിരെ വന്‍ പ്രതിഷേധം.  സംസ്ഥാനത്തു പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ തുടരുകയാണ്.  തർക്കങ്ങൾ മുറുകിയതോടെ വൻ സമ്മർദ്ദത്തിലായിരിക്കുകയാണ് പാർട്ടി നേതൃത്വം.

വരുണ മണ്ഡലത്തില്‍ സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയ്ക്കെതിരെ യെഡിയൂരപ്പയുടെ മകന്‍ ബി.വൈ വിജയേന്ദ്ര മത്സരിക്കുമെന്നായിരുന്നു സൂചനകള്‍. എന്നാൽ ബിജെപിയുടെ നാലാംഘട്ട  സ്ഥാനാർഥി പട്ടികയിലും വിജയേന്ദ്ര ഇടം കണ്ടില്ല. ഇതേത്തുടർന്ന് തന്റെ കൂടി ആഗ്രഹപ്രകാരമാണ് വിജയേന്ദ്ര വരുണയിൽ മൽസരിക്കാത്തതെന്ന് യെഡിയൂരപ്പ ന‍ഞ്ചൻഗൂഡിലെ പൊതുവേദിയിൽ  പ്രഖ്യാപിച്ചതോടെ ബിജെപി പ്രവർത്തകരുടെ രോഷപ്രകടനം അതിരുവിട്ടു. വേദിയിലേക്ക് കസേരകൾ വലിച്ചെറിഞ്ഞ പ്രവർത്തകർ യെഡിയൂരപ്പയെ തട‍ഞ്ഞുവച്ചു. ഇതോടെ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ  ലാത്തി വീശി.

സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പാർട്ടി ദേശീയ നേതൃത്വത്തിനെതിരെ  പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്.കഴിഞ്ഞ മൂന്ന് ആഴ്ചകളായി  സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രക്കെതിരെ വരുണയിൽ പ്രചാരണത്തിലായിരുന്നു  വിജയേന്ദ്ര. വരുണയും ബാദാമിയും ഉൾപ്പെടെ നാലിടങ്ങളിൽ ബിജെപി ഇനിയും സ്ഥാനാർഥിയെ  പ്രഖ്യാപിക്കാനുണ്ട്.