കുട്ടികളുടെ അശ്ലീല വിഡിയോ: രാജ്യാന്തര വാട്സ് ആപ്പ് ഗ്രൂപ്പ് വലയില്‍: പിന്നില്‍ പ്ലസ്ടുക്കാരനും

അന്താരാഷ്ട്രതലത്തിൽ തന്നെ വ്യാപിച്ച് കിടക്കുന്ന ചൈൽഡ് പോൺ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ മുഖ്യകണ്ണികളെ പൊലീസ് പിടികൂടി. മൂന്നുപേരെ ഇൻഡോറിൽ വച്ചാണ് പൊലീസ് പിടികൂടിയത്.  പിത്താംപൂരില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇലക്ട്രോണിക് എഞ്ചിനീയര്‍ ആയ ഇരുപത്തിനാലു വയസുകാരന്‍ മകരന്ത് സാലുങ്കെ, വീട്ടുപകരണങ്ങളുടെ വിൽപ്പന നടത്തുന്ന  ഓംകാര്‍ സിംഗ് റാത്തോര്‍, പ്രായപൂര്‍ത്തിയാവാത്ത പന്ത്രണ്ടാം ക്ലാസുകാരന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

28 രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഇൗ ഗ്രൂപ്പിലുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും  വിഡിയോകളുമാണ് ഗ്രൂപ്പിൽ കൈമാറിയിരുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ മൊത്തം 454 അംഗങ്ങളാണ് ഉള്ളത്. ഇതിൽ ഏറെയും ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ളവരാണെന്നതാണ് ‍ഞെട്ടിക്കുന്ന വസ്തുത. 454ൽ 205 പേർ ഇന്ത്യക്കാരാണ്. 177 പേർ പാകിസ്ഥാനിൽ നിന്നുള്ളവരാണ്. അമേരിക്ക, കുവൈത്ത്, കെനിയ, നേപ്പാൾ, മലേഷ്യ, സ്പെയിൻ, ചൈന, തായ്​ലാന്റ്, മെക്സിക്കോ, അർജന്റീന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇൗ ഗ്രൂപ്പിലെ മറ്റംഗങ്ങൾ.

പണമടച്ച് അംഗമാവുന്ന തരത്തിലായിരുന്നു ഇൗ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. ഇന്‍ഡോര്‍ പൊലീസിന്റെ സൈബര്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സംഘം അറസ്റ്റിലായത്. ഐ.ടി ആക്ട് 67ബി പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.  ഇവരുടെ മൊബൈൽ ഫോണുകൾ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.  ഏഴു വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണിത്.  ഈ വര്‍ഷം ആദ്യം സമാനകുറ്റത്തിന് ഉത്തര്‍പ്രദേശിൽ നിന്നൊരു സംഘം പിടിയിലായിരുന്നു.