രാഹുല്‍ പറഞ്ഞുതീര്‍ന്നില്ല; ഉടനടി അനുസരണ: കോണ്‍ഗ്രസില്‍ മാതൃകാരാജി..!

യുവത്വവും പരിചയസമ്പത്തും ചേർന്നതാകണം സംഘടനയെന്ന് രാഹുൽ ഗാന്ധി പറഞ്ഞുതീര്‍ന്നില്ല, ഉടന്‍ കോണ്‍ഗ്രസില്‍ മാതൃകാരാജി.  ഗോവ കോണ്‍ഗ്രസ് അധ്യക്ഷനാണ് രാഹുലിനെ ഉടനടി അനുസരിച്ച് രാജിവച്ചത്. എഐസിസി പ്ലീനറി സമ്മേളനത്തിലായിരുന്നു യുവാക്കൾക്കു പാർട്ടി തലപ്പത്തു കൂടുതൽ പ്രാതിനിധ്യം വേണമെന്നു രാഹുൽ ഗാന്ധി നിര്‍ദേശിച്ചത്. ഇതിനു മുതിർന്ന നേതാക്കൾ വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് ഗോവയിലെ പാർട്ടിയുടെ അധ്യക്ഷൻ ശാന്താറാം നായിക് രാജി പ്രഖ്യാപിച്ചത്.

എഐസിസിക്ക് രാജിക്കത്ത് അയച്ച അദ്ദേഹം ഇതു സംബന്ധിച്ച വിശദീകരണം കത്തിലൂടെ രാഹുലിനെ അറിയിക്കുമെന്നും വ്യക്തമാക്കി. വരുന്ന ഏപ്രിൽ 12ന് 72 വയസ് തികയുന്ന ശാന്താറാം കഴിഞ്ഞ വർഷമാണു പാർട്ടിയുടെ തലപ്പത്തെത്തിയത്. അധ്യക്ഷനായിരുന്ന ലൂസിയോ ഫലേരിയോ ഒഴിഞ്ഞതിനെത്തുടർന്ന് 2017 ജൂലൈയിലായിരുന്നു സ്ഥാനാരോഹണം. 

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനു പിന്നാലെ ഞായറാഴ്ച തന്നെ രാജി വയ്ക്കണമെന്നുണ്ടായിരുന്നു. എന്നാൽ അത്തരമൊരു അന്തരീക്ഷത്തിൽ രാജി ശരിയല്ലെന്നു തോന്നിയതു കൊണ്ടാണു നീട്ടിവച്ചത്. യുവത്വം നിറഞ്ഞ, പ്രതിജ്ഞാബദ്ധരായ ചെറുപ്പക്കാർ സംസ്ഥാനത്ത് കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്കു വരണം. പാർട്ടിയിൽ കുറഞ്ഞത് 10 വർഷമെങ്കിലും പ്രവർത്തന പരിചയമുള്ളതും പാർട്ടിയോടു സ്നേഹവും കൂറും പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരാൾ തലപ്പത്തു വരണമെന്നാണു താൻ ആഗ്രഹിക്കുന്നതെന്നു ശാന്താറാം വ്യക്തമാക്കി. 

പ്ലീനറി സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു, കഴിവുള്ള ചെറുപ്പക്കാർ കൂടുതലായി മുന്നോട്ടു വരണമെന്ന രാഹുലിന്റെ ആഹ്വാനം. സമ്മേളനത്തിന്റെ സമാപന വേദി ഒഴിച്ചിട്ടു പ്രസംഗിക്കാനുള്ളവർ മാത്രം പോഡിയത്തിലെത്തുന്ന രീതിയായിരുന്നു ഇത്തവണ സ്വീകരിച്ചത്. സോണിയ ഗാന്ധിയും മൻമോഹൻ സിങ്ങും ഉൾപ്പെടെ ഇത്തരത്തിലാണു പ്രസംഗിച്ചത്. തന്റെ ഊഴമെത്തിയപ്പോഴാണു വേദി ഒഴിച്ചിടാനുള്ള ‘കാരണം’ രാഹുൽ വ്യക്തമാക്കിയത്. അടുത്ത തവണ ആ വേദി ചെറുപ്പക്കാരായ നേതാക്കളാൽ നിറയണമെന്ന പ്രത്യാശയിലാണ് ഇത്തവണ ഒഴിച്ചിട്ടതെന്നായിരുന്നു വിശദീകരണം.

നോർത്ത് ഗോവ മണ്ഡലത്തിൽനിന്ന് 1984ലാണു നായിക്ക് ആദ്യമായി ലോക്സഭയിലെത്തുന്നത്. രണ്ടു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഗോവയിൽ ബിജെപി അധികാരം പിടിച്ചെടുക്കുന്നതു തടയാൻ ഇത്തവണ കോൺഗ്രസിനായിരുന്നില്ല.

16 എംഎൽഎമാരുമായി സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമാണ് കോൺഗ്രസ് ഇപ്പോൾ. ശാന്താറാമിനു പിന്നാലെ ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ഭരത്‌ സോളങ്കിയും രാജിയ്ക്കൊരുങ്ങുകയാണെന്നാണു റിപ്പോർട്ടുകൾ. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ സോളങ്കി രാജിക്കത്ത് സമർപ്പിച്ചതായും അറിയുന്നു. എന്നാൽ റിപ്പോർട്ടുകൾ സോളങ്കി നിഷേധിച്ചിട്ടുണ്ട്.