ഖര്‍ഗെ ഏറ്റെടുത്തത് വലിയ ചുമതല; കോണ്‍ഗ്രസുകാര്‍ ഹൃദയം നിറഞ്ഞ് സ്നേഹിച്ചു: സോണിയ

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നും പടിയിറങ്ങുന്നത് വലിയ സംതൃപ്തിയോടെയും ആശ്വാസത്തോടെയുമണെന്ന് സോണിയ ഗാന്ധി . കോൺഗ്രസ് പ്രതിസന്ധികളെ നേരിട്ടിട്ടുണ്ടെങ്കിലും ഒരിക്കലും തോറ്റിട്ടില്ലെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ സോണിയ പറഞ്ഞു. ഉയർച്ചയിലും താഴ്ച്ചയിലും 22 വർഷം കോൺഗ്രസിനെ നയിച്ച ശേഷമാണ് സോണിയ ഗാന്ധി പദവി ഒഴിഞ്ഞത്.

കോൺഗ്രസ് അംഗത്വമെടുത്ത് 65 ആം ദിവസം സോണിയ ഗാന്ധി നേതൃത്വം ഏറ്റെടുത്തു. 1998 മാർച്ച് 14 ന് കോൺഗ്രസിന്റെ 18 മത് അധ്യക്ഷയായി. മല്ലികാർജുൻ ഖർഗെയ്ക്ക് പദവി കൈമാറുമ്പോൾ സംതൃപ്തിയും ആശ്വാസവും തോന്നുന്നുവെന്ന് സോണിയ. കോൺഗ്രസുകാർ ഹൃദയം തുറന്ന് തന്നെ സ്നേഹിച്ചു. അവസാന ശ്വാസം വരെയും അത് ഓർക്കുമെന്ന് സോണിയ. മാറ്റം ലോക നിയമമാണ്. ജീവിതത്തിലെ ഓരോ ഘട്ടത്തിലും വെല്ലുവിളിയുളളതുപോലെ പാർട്ടിക്കും വലിയ വെല്ലുവിളിയുണ്ട്. രാജ്യത്തിന്റെ ജനാധിപത്യം മൂല്യം സംരക്ഷിക്കുകയെന്ന വലിയ വെല്ലുവിളിയാണ് പാർട്ടിക്ക് മുന്നിലുളളതെന്ന് സോണിയ ഓർമിപ്പിച്ചു. ഒറ്റക്കെട്ടായി സർവശക്തിയുമെടുത്ത് മുന്നോട്ടു പോകാൻ സോണിയ ആഹ്വാനം ചെയ്തു.

താഴേതട്ടിൽ നിന്ന് ഉയർന്നുവന്ന പരിചയ സമ്പന്നനായ നേതാവെന്നാണ് മല്ലികാർജുൻ ഖർഗെയെ സോണിയ വിശേഷിപ്പിച്ചത്. സോണിയയോടുളള നന്ദി പ്രമേയം അജയ് മാക്കൻ അവതരിപ്പിച്ചു. സോണിയ പാർട്ടിയുടെ മാർഗദീപമായി തുടരുമെന്ന് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു

Sonia Gandhi on Mallikarjun Kharge Congress