ഓര്‍മയില്ലേ ആ കുഞ്ഞുങ്ങളുടെ നിലവിളി: ഗോരഖ്പൂര്‍ യോഗിയോട് പറഞ്ഞത്; ബിജെപിയോടും

ഏകപക്ഷീയമായൊരു വിജയം. അതുമാത്രമായിരുന്നു യുപിയില്‍ ബിജെപിയുടെയും യോഗി ആദിത്യനാഥിന്‍റെയും മനസിൽ. അമിത ആത്മവിശ്വാസം ആപത്താണെന്ന് പഴഞ്ചൊല്ല് ഇവിടെ ഉപയോഗിക്കാം. അസാധ്യമായതെന്തും സാധ്യമാക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന യോദ്ധാക്കൾക്ക് എന്താണ് യുപി ഉപതിരഞ്ഞെടുപ്പ് നൽകുന്ന പാഠം. ത്രിപുരയിൽ ചൊങ്കൊടി പറിച്ചെറിഞ്ഞ് ഇതാ പുതുയുഗം പിറന്നിരിക്കുന്നുവെന്ന് പറഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞില്ല. രാജ്യത്ത് നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് അടിപതറി. ബീഹാറും യുപിയും പറയുന്ന രാഷട്രീയത്തിലേക്കാണ് ഇനി ഇന്ത്യ ഉറ്റുനോക്കുക. യുപിയിലും ബിഹാറിലും സാഹചര്യങ്ങളെല്ലാം അനുകൂലമായിട്ടും കേന്ദ്രത്തിലെയും ഇരുസംസ്ഥാനങ്ങളിലെയും ഭരണകക്ഷിക്ക് ഞെട്ടിക്കുന്ന തോല്‍വിയാണ് ബാക്കിയാകുന്നത്.   

ചെകിട്ടത്ത് അടികൊണ്ട പോലെയായി ബിജെപി. രണ്ടു സിറ്റിങ് സീറ്റിലും സമാജ്‌‌വാദി പാർട്ടി ജയിച്ചെന്ന അവസ്ഥ കരണത്തേറ്റ അടിയല്ലാതെ മറ്റെന്താണ് ത്രിപുരയെന്ന ബാലികേറാമല കീഴടങ്ങി നിന്ന മോദിക്കും കൂട്ടർക്കും. മായാവതിയുടെ ബിഎസ്പിയും സമാജ് വാദി പാർട്ടിയും ശത്രുതമറന്ന് ഒരുമിച്ച് നിന്നപ്പോൾ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. വരാനിനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലാണ് എന്റെ യുപിയിൽ നടക്കുന്നതെന്ന യോഗിയുടെ വാക്ക് ശരിയാണെങ്കിൽ, ബിജെപിക്ക് ഇരുന്ന് ചിന്തിക്കാന്‍ വകനല്‍കുന്നതാണ് ഈ ജനവിധി. സ്വന്തം വാക്കിനെ അടിസ്ഥാനമാക്കി പറഞ്ഞാൽ യോഗിക്ക് തന്നെ അതിലേക്ക് ചൂണ്ടാതിരിക്കാൻ കഴിയില്ല.

എതുവിധേയനെയും ആരെ മറുകണ്ടം ചാടിച്ചും വലയെറിഞ്ഞും ഒപ്പം നിർത്തി ഭരണം നേടുന്ന പുതിയ ജനാധിപത്യത്തിന് വിരിച്ച പായ ‘മടക്കിക്കോളാന്‍’ യോഗിയുടെ ഗോരഖ്പൂർ മണ്ഡ‍ലവും ഫുൽപൂർ മണ്ഡലവും ഉറക്കെ വിളിച്ചുപറയുന്നു. ഗോരഖ്പൂർ സിറ്റിങ് എംപിയായിരുന്ന യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകാൻ വേണ്ടി രാജിവച്ച സാഹചര്യത്തിലാണ് മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. കാല്‍നൂറ്റാണ്ടിലേറെയായി മമ്ഡലം കയ്യാളുന്നയാളാണ് യോഗി എന്ന് മറന്നുകൂടാ. കേശവ് ദാസ് മൗര്യ എംപി സ്ഥാനം രാജിവച്ച് യുപി ഉപമുഖ്യമന്ത്രിയായ സാഹചര്യത്തിലാണ് ഫുൽപൂർ മണ്ഡലവും തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. യുപി എസ്പിയും ബിഎസ്പിയും മാറിമാറി ഭരിക്കുമ്പോഴും ഇൗ മണ്ഡലങ്ങൾ ബിജെപിക്കൊപ്പം നിന്നിരുന്നതാണ് എന്ന് കണക്കുകള്‍ പറയുന്നു. എല്ലാവരെയും അട്ടിമറിച്ച് മഹാവിജയമാണ് ബിജെപി യുപിയിൽ സ്വന്തമാക്കിയിരുന്നത്. വിജയപർവത്തിന്റെ ഒരുവർഷത്തിലേയ്ക്കടുമ്പോൾ തന്നെ കാറ്റ് മാറിവീശി തുടങ്ങുന്നുണ്ടോ എന്ന സംശയം കൂടിയാണ് ബലപ്പെടുന്നത്. 

ഒാർമയുണ്ടോ കുഞ്ഞുങ്ങളുടെ ആ കൂട്ടക്കരച്ചില്‍‌..?

ഗോ സംരക്ഷണത്തിനും പരിപാലനത്തിലും മുഖ്യപ്രധാന്യം യോഗി എക്കാലത്തും നൽകിയിരുന്നു. അതേ മണ്ഡലത്തിൽ നിന്നാണ് പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങൾ മരിച്ചുവീണത്. പശുവിന്റെ സംരക്ഷണവും പരിപാലനവും പോലെതന്നെയാവണം വോട്ട് എന്ന ആയുധം കൈവശമുള്ള ജനത്തിനോടുമെന്ന് യോഗി എവിടെയോ മറന്നുപോയിരിക്കുന്നുവെന്ന് ജനവിധി ആവര്‍ത്തിച്ചുറപ്പിക്കുന്നു. ചേതനയറ്റ കുഞ്ഞുങ്ങടെ ശരീരം നെഞ്ചോട് ചേർത്ത് ഇരുചക്രവാഹനത്തിൽ കുഞ്ഞിന്റെ മൃതദേഹവുമായി വീട്ടിലേക്ക് പോകുന്ന ആ അമ്മയുടെ മുഖം മനോരമ ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളിലൂടെ രാജ്യമാകെ കണ്ടാതാണ്. ആ കുഞ്ഞിനെ ചേർത്തുവിടിച്ച ആ വിരലുകൾ ചൂണ്ടിയ വിധി കൂടിയാണിത്. അന്ന് രോഗികളെയല്ലാം ആശുപത്രിയില്‍ നിന്ന് മാറ്റിയശേഷം നിറയെ അംഗരക്ഷകരെയുമായി വന്നിറങ്ങിയ യോഗി ആദിത്യനാഥ് ഏതായാലും ജനകീയനായ ഒരു ഭരണാധികാരിയുടെ ചിത്രമല്ല സമ്മാനിച്ചത്.

യുപി നല്‍കുന്ന പാഠം

പരസ്പരം പോരടിച്ച് നിന്ന് സ്വയം എല്ലാം നഷ്ടപ്പെടുത്തിയ രണ്ടു പാർട്ടികൾ. ആദ്യം പാർട്ടികൾ തമ്മിൽ പോര്. അതുകഴിഞ്ഞപ്പോൾ പിതാവും പുത്രനും തമ്മിൽ. കലഹിച്ച് നിന്ന് പോരടിച്ചപ്പോൾ ബിജെപി നേട്ടംകൊയ്തു.  വർഗീയ രാഷ്ട്രീയത്തിനെതിരെയും ബിജെപിക്കെതിരെയും മുന്നണികള്‍ കെട്ടിപ്പൊക്കാന്‍ പാടുപെടുന്ന കോണ്‍ഗ്രസിനും സിപിഎമ്മിനും അടക്കം വലിയ പാഠമാണ് യുപിയിലെ എസ്പി–ബിഎസ്പി ചങ്ങാത്തം നല്‍കുന്നത്. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്ക് ഈ വിജയം നൽകുന്നത് വലിയ തിരിച്ചറിവുകളാണ്. ആ തിരിച്ചരിവുകളെ എത്രകണ്ട് ഉള്‍ക്കൊള്ളുന്നു എന്നിടത്താകും 2019 അതിന്‍റെ തിരക്കഥകള്‍ എഴുതിത്തുടങ്ങുന്നത്.