ഇന്ത്യയുടെ വജ്രരാജാവ്, വയസ് 47: ആരാണ് നിരവ് മോദി..? ഒറ്റനോട്ടത്തിലറിയാം

പേരിലെ മോദി എന്ന വാല്‍ സെര്‍ച്ചിങ് എന്‍ജിനുകളിലെ പ്രിയങ്കരനാക്കുമോ എന്ന അന്വേഷണം അവിടെ നില്‍ക്കട്ടെ. പൊടുന്നനെ വാര്‍ത്തകളിലെ ഉയരത്തിലേക്ക് കയറിവന്ന നീരവ് മോദി ആരാണ്..? ഗുജറാത്തിലെ സൂറത്തിലാണ് ജനനം. വയസ് 47. ഇന്ത്യയുടെ വജ്രരാജാവ്. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ എണ്‍പത്തിയഞ്ചാം സ്ഥാനം. ഫോബ്സ് പട്ടികയില്‍ ലോകത്തിലെ കാര്യം നോക്കുമ്പോള്‍ 1234. നിരവ് മോദിയുടെ സമ്പാദ്യം 180 കോടി ഡോളര്‍. മോദിയുടെ കുടുംബം പാരമ്പര്യമായി വജ്രവ്യാപാരം നടത്തുന്നു. 

ചെറുപ്പത്തിലേ വജ്രങ്ങളുടെ നാടായ ബെല്‍ജിയത്തേക്ക് പറന്നു. അവിടെ പ്രശസ്തമായ ബിസിനസ് സ്കൂളില്‍ ചേര്‍ന്നു, പക്ഷേ ഡ്രോപ്പൗട്ട്. പത്തൊന്‍പതാം വയസ്സില്‍ ബോംബെയില്‍ തിരിച്ചെത്തി. അമ്മാവനൊപ്പം ചേര്‍ന്ന് വജ്രക്കച്ചവടത്തിലെ ആദ്യപാഠങ്ങള്‍.  പതിയെപ്പതിയെ സ്വന്തം ഡിസൈനുകളുമായി കുതിപ്പ് തുടങ്ങി. ആദ്യ ബൂട്ടിക് ഡല്‍ഹിയില്‍. പിന്നാലെ ന്യൂയോര്‍ക്ക്, ലണ്ടന്‍, ഹോങ്കോങ്... ന്യൂയോര്‍ക്കിലെ ഉദ്ഘാടനത്തിന് അന്ന് ട്രംപും പങ്കെടുത്തെന്ന് വാര്‍ത്തകള്‍. 

ഓസ്കർ, ഗോൾഡൻ ഗ്ലോബ് അവാർഡ് നിശക‌ളിലൊക്കെ നീരവിന്റെ ആഭരണങ്ങൾ അണിഞ്ഞ പ്രമുഖരിൽ താരാജി പി. ഹെൻസൺ, ഡകോട്ട ജോൺസൺ തുടങ്ങിയവർ ഉൾപ്പെടും. പ്രിയങ്ക ചോപ്രയാണ് നിരവ് ജ്വല്ലേഴ്സിന്റെ ബ്രാൻഡ് അംബാസിഡർ. ഇതേ പ്രിയങ്ക ചോപ്ര പിന്നീട് പ്രതിപലം നല്‍കിയില്ല എന്നാരോപിച്ച് നീരവിനെതിരെ കേസും നല്‍കി.  

തട്ടിപ്പും കേസിന്‍റെ ഗതിയും ഇപ്പോള്‍ ഇങ്ങനെ

പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് പതിനോരായിരത്തില്‍പ്പരം കോടിയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ സി.ബി.ഐ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നീരവ് രാജ്യംവിട്ടതായാണ് സൂചന. തട്ടിപ്പിന്‍റെ  തുടക്കം 2011ലാണെന്നും  കഴിഞ്ഞ ജനുവരി മൂന്നാംവാരമാണ്  തെളിവുകൾ ലഭിച്ചതെന്നും എംഡി സുനിൽ മേഹ്ത അറിയിച്ചു. തട്ടിപ്പിൻറെ പൂർണ ഉത്തരവാദിത്തം പിഎൻബിക്ക് മാത്രമാണെന്ന് റിസര്‍വ്‍ബാങ്ക്  വ്യക്തമാക്കി.  നിരവ് മോദിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് തുടരുന്നു.

രാജ്യംകണ്ട ഏറ്റവുംവലിയ ബാങ്ക്തട്ടിപ്പിന്‍റെ ആരംഭം 2011ലാണെന്നാണ് പഞ്ചാബ് നാഷണൽ ബാങ്ക് വ്യക്തമാക്കുന്നത്. തെളിവുകൾ ലഭിച്ചതോടെ തട്ടിപ്പ് സ്ഥിരീകരിച്ചത് ഇക്കഴിഞ്ഞ ജനുവരി മൂന്നാംവാരം. പത്തുജീവനക്കാരെ പുറത്താക്കി. ജനുവരി 29ന് വിവരം സിബിഐയെ ധരിപ്പിച്ചു. തുടർന്ന് വായ്പാതുക തിരിച്ചടയ്ക്കാമെന്ന് ഉറപ്പുനൽകി നിരവ് മോദി ബാങ്കിന് കത്തയച്ചിരുന്നതായും എംഡി പറഞ്ഞു.

നഷ്ടമായപണത്തിന് പൂർണ ഉത്തരവാദി പിഎൻബിയാണെന്ന് ആർബിഐ വ്യക്തമാക്കി. ജാമ്യംനിന്ന ബാങ്കെന്ന നിലയ്ക്ക് ഉത്തരവാദിത്വത്തിൽനിന്ന് പിൻമാറാനാകില്ല. നിരവ് വായ്പ തരപ്പെടുത്തിയത് ഹോങ്കോങ്ങിൽനിന്നാണെന്ന് സൂചനയുണ്ട്. വിവരങ്ങൾക്കായി റിസർവ് ബാങ്ക്, ഹോങ്കോങ് മോണിറ്ററി അതോറിറ്റിയെ സമീപിക്കും. ഇതിനിടെ, നിരവ് മോദിയുടെ മുംബൈ കാലഘോഡയിലെ ജ്വല്ലറി, കുർളയിലെ വസതി, സൂറത്ത്, ഡല്ഹി ചാണക്യപുരി എന്നിവിടങ്ങളില്‍ എൻഫോഴ്സ്മെന്‍റ് റെയ്ഡ്നടത്തി. പിഎൻബി മുൻ ഡപ്യൂട്ടി ജനറൽമാനേജർ ഗോഗുൽഷെട്ടിക്ക് സമൻസ് അയച്ചു. യൂണിയൻ ബാങ്ക് 2300കോടിയും, അലഹബാദ് ബാങ്ക് 2000കോടിയും, എസ്ബിഐ 960കോടിയും നിരവിന് വായ്പനൽകിയിട്ടുണ്ട്. പിഎൻബി ഓഹരികളില്‍ കൂപ്പുകുത്തി. രണ്ടുദിവസത്തിനിടെ ഇരുപതുശതമാനത്തിലധികം നഷ്ടമുണ്ടായി. അതേസമയം, അമേരിക്കയിലുള്‍പ്പെടെ ബിസിനസ് സാമ്രാജ്യമുളള നിരവ്മോദി നിലവിൽ സ്വിറ്റ്സർലന്‍ഡിലാണെന്നാണ് വിവരം.