സോനാലി ഫൊഗാട്ടിന്‍റെ മരണം; കേസ് സിബി‌ഐ അന്വേഷിക്കും

ഹരിയാനയിലെ ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന്‍റെ കൊലപാതകത്തില്‍ സിബി‌ഐ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പഴ്സനല്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. സിബി‌ഐ അന്വേഷണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് കത്തു നല്‍കിയിരുന്നു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെങ്കിലും സൊനാലി ഫൊഗട്ടിന്‍റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കി. ഫൊഗട്ടിനെ കൊലപ്പെടുത്തിയത് സഹായിയായ സുധീര്‍ സാങ്‍വാനാണെന്ന് സമ്മതിച്ചതായി ഗോവ പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. സാങ്‍വാനു പുറമേ മറ്റൊരു സഹായി സുഖ്‍വീന്ദര്‍ സിങ് അടക്കം നാലുപേരെയും അറസ്റ്റുചെയ്തിരുന്നു. ഹരിയാന സര്‍ക്കാരും സിബി‌ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.