മനീഷ് സിസോദിയയുടെ വീട്ടില്‍ റെയ്ഡ്; ഡൽഹിയിൽ 21 ഇടങ്ങളിൽ റെയ്ഡ്

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ സിബിെഎ റെയ്ഡ്. ഡല്‍ഹി സര്‍ക്കാരിന്‍റെ മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് നടപടി. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റും കേസില്‍ ഇടപെട്ടേക്കും. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഡല്‍ഹി സര്‍ക്കാര്‍ നേട്ടംകൈവരിച്ചതിനോടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ പ്രതികാരമാണെന്ന് അരവിന്ദ് കേജ്‍രിവാളും സിസോദിയയും പ്രതികരിച്ചു. ഇരവാദം ഉന്നയിച്ചിട്ട് കാര്യമില്ലെന്ന് ബിജെപി തിരിച്ചടിച്ചു. 

നവംബര്‍ 17 മുതല്‍ നടപ്പാക്കിയ മദ്യനയം വന്‍ അഴിമതിക്ക് ഇടയാക്കിയെന്നാണ് ആരോപണം. മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കിയതില്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നും സ്വകാര്യമദ്യലോബിക്കുവേണ്ടി ഉന്നതരാഷ്ട്രീയ നേതൃത്വം ഇടപെട്ടുവെന്നും ഖജനാവിന് നഷ്ടമുണ്ടായെന്നും ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. ഇതേത്തുടര്‍ന്ന് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ സക്സേന സിബി‌ഐ അന്വേഷണത്തിന് നിര്‍ദേശിച്ചു. മനീഷ് സിസോദിയയുടെയും ഡല്‍ഹി മുന്‍ എക്സൈസ് കമ്മിഷണര്‍ ആരവ് ഗോപി കൃഷ്ണ എന്നിവര്‍ക്കെതിരെ എഫ്െഎആര്‍ റജിസ്റ്റര്‍ ചെയ്തു. 21 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ഡല്‍ഹിയിലെ വിദ്യാഭ്യാസനയത്തെ ന്യൂയോര്‍ക്ക് ടൈംസ് പ്രശംസിച്ചതിന് പിന്നാലെയാണ് റെയ്ഡ് നടന്നതെന്ന് ഡല്‍ഹ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ഇന്ത്യയെ നമ്പര്‍ വണ്ണാക്കുക എന്ന് മുദ്രാവാക്യവുമായി ലോക്സഭാ തിര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിസ് കോള്‍ ക്യാംപെയിനും കേജ്‍രിവാള്‍ തുടക്കമിട്ടു. 

ഇരവാദം ഉന്നയിച്ചിട്ട് കാര്യമില്ലെന്നും കേജ്‍രിവാളിന്‍റെയും സിസോദിയയുടെയും തനിനിറം പുറത്തായതായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ബിജെപിയുടെയും ആം ആദ്മി പാര്‍ട്ടിയുടെയും കൂട്ടുകച്ചവടം പൊളിഞ്ഞതോടെയാണ് അന്വേഷണം തുടങ്ങിയതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.