‘ഓപ്പറേഷന്‍ താമര’ അന്വേഷിക്കണം; സിബിഐ ആസ്ഥാനത്ത് എഎപി പ്രതിഷേധം

ഡൽഹി സിബിഐ ആസ്ഥാനത്തിന് മുൻപിൽ നാടകീയ രംഗങ്ങൾ. ഓപ്പറേഷൻ താമരയിൽ ബിജെപിക്കെതിരെ സിബിഐക്ക് പരാതി നൽകാനെത്തിയ ആപ്പ് സംഘത്തെ പൊലീസ് തടഞ്ഞു. പ്രതിഷേധത്തിനൊടുവിൽ സിബിഐ ഉദ്യോഗസ്ഥർ രണ്ടുപേരെ ഓഫിസിലേക്ക് പ്രവേശിപ്പിച്ചു. അതിനിടെ, അനധികൃത നിർമാണത്തിന് അനുമതി നൽകിയെന്ന ആരോപണത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ അന്വേഷണം ആരംഭിച്ചു.

40 എംഎൽഎമാരെ ബിജെപി പക്ഷത്തേക്ക് ചാടിക്കാൻ 20 കോടി വീതം ബിജെപി ഇറക്കാൻ ശ്രമിച്ചെന്നാണ് ആപ്പ് ആരോപണം. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിബിഐ ആസ്ഥാനത്ത് പരാതി നൽകാനെത്തിയ എംഎൽഎമാരെ തടഞ്ഞതോടെയാണ് പ്രതിഷേധമുണ്ടായത്. ഒന്നരമണിക്കൂർ പിന്നിട്ടതോടെ സിബിഐ ഉദ്യോഗസ്ഥർ എംഎൽഎമാരെ കാണാനെത്തി. എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് സിബിഐ ഉദ്യോഗസ്ഥർ ചോദിച്ചു.

ഒടുവിൽ രണ്ടുപേരെ സിബിഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. പരാതി നൽകിയെന്നും തുടർനടപടി ഉണ്ടായില്ലെങ്കിൽ അപ്പോൾ നോക്കാമെന്നും എംഎൽഎമാർ. വ്യാജ ആരോപണമാണെന്നും അന്വേഷിക്കണമെന്നും ബിജെപി എംപിമാർ ലഫ്.  ഗവർണർക്കും പരാതി നൽകിയിട്ടുണ്ട്. അതിനിടെ  പട്‌പർഗഞ്ചിലെ അനധികൃത നിർമാണത്തിന് സഹായം നൽകിയെന്ന ആരോപണം പരിശോധിക്കാൻ എൻജിടി സമിതി രൂപീകരിച്ചു. അതോടൊപ്പം ഡൽഹി ലഫ്. ഗവർണർക്കെതിരെ 1400 കോടി രൂപയുടെ കള്ളപ്പണം ആരോപണം ഉന്നയിച്ച എംഎൽഎമാർക്കെതിരെ നിയമനടപടി തുടങ്ങിയതായി ലഫ്. ഗവർണറുടെ ഓഫിസ് അറിയിച്ചു.