മാർഗഴി മഹോത്സവത്തിന് ഇന്ന് തുടക്കം

ചെന്നൈ മലയാളി മാര്‍ഗഴി മഹോത്സവത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ശാസ്ത്രീയ കലകള്‍ക്കൊപ്പം മലയാളത്തിന്‍റെ തനത് കലാരൂപങ്ങളും അരങ്ങേറും. ആശ്രയ എജ്യുക്കേഷന്‍ ആന്‍റ് ചാരിറ്റി അസോസിയേഷനും ആശാന്‍ മെമ്മോറിയല്‍ അസോസിയേഷനും സംയുക്തമായാണ് സര്‍ഗം എന്ന പേരില്‍ മാര്‍ഗഴി മഹോല്‍സവം നടത്തുന്നത്. കേരളത്തിലെയും കലാരൂപങ്ങളെ ചെന്നൈ മലയാളികള്‍ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ശാസ്ത്രീയ സംഗീതം, നൃത്തം, ഉപകരണ സംഗീതം, ആദിവാസി കലാരൂപമായ ഗദ്ദിക, തെയ്യം, നാടകം എന്നിവയെല്ലാം ആശാന്‍ മെമ്മോറിയല്‍ സ്കൂളില്‍ നടക്കുന്ന സര്‍ഗത്തിന്‍റെ ഭാഗമാകും. നടന്‍ ജോയ് മാത്യു ഉദ്ഘാടനം ചെയ്യും. 

കോലമെഴുത്ത്, പോസ്റ്റര്‍ ഡിസൈനിങ് മത്സരങ്ങളും ചിത്രപ്രദര്‍ശനവും പുസ്തകമേളയും മാര്‍ഗഴി മഹോല്‍സവത്തിന്‍റെ മാറ്റ് കൂട്ടും. പതിനാലിന് നടക്കുന്ന സമാപന സമ്മേളനം തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.