ഗുജറാത്തിൽ എക്സിറ്റ്പോൾ ഫലങ്ങളിൽ വിശ്വാസമില്ലെന്ന് ശിവസേന

ഗുജറാത്തിൽ ബിജെപി അധികാരത്തിലെത്തുമെന്ന എക്സിറ്റ്പോൾ ഫലങ്ങളിൽ വിശ്വാസമില്ലെന്ന് ശിവസേന. ഭരണവിരുദ്ധ വികാരം ശക്തമായിരിക്കെ എക്സിറ്റ്പോളും യഥാർത്ഥ വിധിയും തമ്മിൽ പൊരുത്തമുണ്ടാവാനിടയില്ലെന്ന് സേന അധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞു. അതേസമയം, എൻഡിഎയിൽ നിന്ന് ഒരുവർഷത്തിനകം ശിവസേന പുറത്തുപോകുമെന്ന ആദിത്യതാക്കറെയുടെ പ്രഖ്യാപനത്തെയും അദ്ദേഹം പിന്തുണച്ചു. 

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ്, ബിജെപിയുടെ മുന്നേറ്റം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വാസം തോന്നുന്നില്ലെന്ന് ശിവസേന പറയുന്നത്. ഭരണവിരുദ്ധ വികാരം ശക്തമായിരുന്ന ഗുജറാത്തിലെ രാഷ്ട്രീയ കാലാവസ്ഥ ബിജെപിക്ക് എതിരായിരുന്നു. അതുകൊണ്ടുതന്നെ, എക്‌സിറ്റ്പോൾ ഫലവും, യഥാർത്ഥ ജനവിധിയും ഒരുപോലെയാകുമെന്ന് കരുതാനാകുന്നില്ല. എന്തായാലും, നാളെ പുറത്തവരാനിരിക്കുന്ന ഫലത്തിനായി കാത്തിരിക്കുകയാണെന്നും താക്കറെ പറഞ്ഞു. 

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായി രാഹുൽഗാന്ധി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ഉദ്ധവ്, എൻഡിഎയെ നയിക്കുന്ന ബിജെപിയിൽനിന്ന് രാജ്യം ഏറെ പ്രതിക്ഷിച്ചിരുന്നതായും , എന്നാൽ കാർഷികകടാശ്വാസം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ സർക്കാറിനായില്ലെന്നും കുറ്റപ്പെടുത്തി. ഒരു വർഷത്തിനകം മഹാരാഷ്ട്രയിലെ ബിജെപി സഖ്യം ഉപേക്ഷിക്കുമെന്ന ആദിത്യ താക്കറെയുടെ പ്രസ്താവനയിൽ ശരികേടൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഗുജറാത്ത്‌ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി നേരിട്ടാൽ, അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് ശിവസേന, എൻഡിഎ സഖ്യം ഉപേക്ഷിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഉദ്ധവിന്റെ നിലപാടറിയിക്കൽ എന്നത് ശ്രദ്ധേയമാണ്.