ബാബറി മസ്ജിദ് കേസ്; അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് സുപ്രീംകോടതി

ബാബറി മസ്ജിദുമായി ബന്ധപ്പെട്ട സിവില്‍ കേസ് സുപ്രീംകോടതിയുടെയും, ക്രിമിനല്‍ കേസ് ലക്നൗവിലെ പ്രത്യേക കോടതിയുടെയും പരിഗണനയിലാണ്. കേസുകള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ , ഭരണഘടനാബെഞ്ച് രൂപീകരിക്കേണ്ടതില്ല എന്ന നിലപാടിലാണ് കോടതി. 

ബാബറി മസ്ജിദ് കേസ് വെറും സിവില്‍ കേസ് മാത്രമാണെന്നാണ് രാമജന്മഭൂമി ട്രസ്റ്റിന്‍റെ നിലപാട്. ഭരണൡഘടനാബെ‍ഞ്ചിന് വിടുന്നതിനെ ട്രസ്റ്റ് ശക്തമായി എതിര്‍ക്കുന്നു. വസ്തുതര്‍ക്കം എന്നതിനപ്പുറം രാജ്യത്തിന്‍റെ മതേതര മനസാക്ഷിക്കേറ്റ മുറിവാണെന്നും അക്കാര്യം ഭരണഘടനാബെഞ്ച് തന്നെ വാദം കേള്‍ക്കണമെന്നുമാണ് സുന്നി വഖഫ് ബോര്‍ഡിന്‍റെ വാദം. ഭരണഘടനാബെഞ്ച് തന്നെയാകണം ഭൂമിതര്‍ക്കക്കേസില്‍ വിധി പറയേണ്ടതെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

എല്‍.കെ.അഡ്വാനി, മുരളീമനോഹര്‍ ജോഷി തുടങ്ങി ബിജെപിയുടെ പതിമൂന്ന് നേതാക്കള്‍ മസ്ജിദ് പൊളിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ വിചാരണ നേരിടുകയാണ്. ഇരുപത്തിയഞ്ച് വര്‍ഷം പഴക്കമുളള കേസില്‍ ഒരു കാരണവശാലും വിചാരണ നീളാന്‍ അനുവദിക്കില്ലെന്നും രണ്ടുവര്‍ഷത്തിനകം ലക്നൗ കോടതി വിധി പറയണമെന്നും സുപ്രീംകോടതി കഴിഞ്ഞ ഏപ്രില്‍ പത്തൊന്‍പതിന് ഉത്തരവിട്ടു. കേസുകളിലെ വിധി എന്തുതന്നെയായാലും രാജ്യത്ത് അതേല്‍പ്പിക്കുന്ന ചലനങ്ങള്‍ ചെറുതായിരിക്കില്ല. സിവില്‍കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാനുളള ശ്രമങ്ങളും തുടരുകയാണ്.