എന്നോട് ക്ഷമിക്കുക; വിധി നിരാശാജനകം; വിശ്വാസം നഷ്ടപ്പെടുത്തുന്നത്: കാരശ്ശേരി

ബാബരി മസ്ജിജ് തകർത്ത കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട ലക്നൗ കോടതി വിധി നിരാശാജനകമെന്ന് സാമൂഹിക നിരീക്ഷകന്‍ എം.എൻ.കാരശ്ശരി. നീതിന്യായ വ്യവസ്ഥയിൽ ഇവിടുത്തെ പൗരന്മാർക്ക് വിശ്വാസം നഷ്ടപ്പെടുത്തുന്ന വിധിയെന്നാണ് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. ഉമാ ഭാരതിയുടെയും അദ്വാനിയുടെയും പ്രസംഗം എല്ലാവരും കണ്ടതാണ്. അന്ന് യുപി മുഖ്യമന്ത്രിയായിരുന്ന ഉമാ ഭാരതി ബാബരി മസ്ജിദ് 5–ാം തീയതി പൊളിക്കുമെന്ന് പറഞ്ഞതാണ്. കലാപം ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം പറയുന്നു. 

എംഎൻ കാരശ്ശേരിയുടെ പ്രതികരണം ഇങ്ങനെ: 28 കൊല്ലമെടുത്തു ആ വിധി പറയാന്‍ എന്നത് 'നീതി വൈകിയാൽ നീതി നിഷേധിക്കപ്പെട്ടു' എന്ന പഴഞ്ചൊല്ല് ഓർമിപ്പിക്കുന്നതാണ്. എന്നോട് ക്ഷമിക്കണം, ലക്നൗ കോടതിയുടെ ഇന്നത്തെ വിധി നീതിന്യായ വ്യവസ്ഥയിൽ ഇവിടുത്തെ പൗരന്മാർക്ക് വിശ്വാസം നഷ്ടപ്പെടുത്തുന്നത്. എന്താണ് അയോധ്യയിൽ സംഭവിച്ചതെന്ന് ആളുകൾ‍ ടിവിയിൽ കണ്ടതാണ്. ഉമാ ഭാരതിയുടെയും അദ്വാനിയുടെയും പ്രസംഗം എല്ലാവരും കണ്ടതാണ്. അന്ന് യുപി മുഖ്യമന്ത്രിയായിരുന്ന ഉമാ ഭാരതി ബാബരി മസ്ജിദ് 5–ാം തീയതി പൊളിക്കുമെന്ന് പറഞ്ഞതാണ്. ഇതിൽ തെളിവില്ല, അവരെ വെറുതെ വിട്ടു എന്ന് പറയുന്നത് ശരിയല്ല. കലാപം ഉണ്ടാക്കാൻ വേണ്ടിയല്ല ഇങ്ങനെ പറയുന്നത്. തീർച്ചയായും മേൽക്കോടതിയിൽ അപ്പീൽ പോകണം. 

2019 നവംബറിൽ സുപ്രീം കോടതി പറഞ്ഞത് രാമപ്രതിമ അവിടെ കൊണ്ടുവച്ചതാണെന്നും  പള്ളിപൊളിച്ചത് അന്യായാമാണെന്നുമാണ്. അടുത്തതായി പറയുന്നത് രാമക്ഷേത്രം പണിയാൻ ട്രസ്റ്റ് രൂപീകരിക്കണമെന്നും. ഇതിനൊക്കെ എന്താണ് അർഥം. ഇതിവിടുത്തെ മതേതര വാദികളെയും, കമ്മ്യൂണിസ്റ്റുകളെയും, ന്യൂനപക്ഷങ്ങളെയും പൗരാവകാശ നിയമത്തിൽ വിശ്വാസമുള്ള എല്ലാ ആളുകളെയും നിരാശരാക്കുന്ന വിധിയാണ്. കലാപം ഒന്നിനും പരിഹാരമല്ലെന്നും ജനാധിപത്യ രീതിയില്‍ ആണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.