ബാബറി മസ്ജിദ് പൊളിച്ചതിന് ദൃശ്യാവിഷ്കാരം; ആർഎസ്എസ് നേതാവിനെതിരെ കേസ്

അയോധ്യയിൽ ബാബറി മസ്ജിദ് പൊളിക്കുന്നത് പുനരാവിഷ്കരിക്കുന്ന തരത്തിൽ കുട്ടികളെക്കൊണ്ട് നാടകം നടത്തിയ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു. കർണാടകയിലെ ബന്ദ്‌വാളിലെ ശ്രീ രാമ വിദ്യാകേന്ദ്ര സ്കൂളിലണ് വിവാദസംഭവം. ആർഎസ്എസ് നേതാവ് കല്ലകട പ്രഭാകർ ഭട്ട്, നാരായൺ സോമയാജി, വസന്ത് മാധവ്, ചിന്നപ്പ കൊടിയൻ എന്നിവർക്കെതിരെയാണ് കേസ്. കല്ലകട പ്രഭാകർ ഭട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂൾ. 

സ്കൂളിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിലാണ് കുട്ടികൾ നാടകം അവതരിപ്പിച്ചത്. 1992ൽ അയോധ്യയിൽ ബാബറി മസ്ജിദ് പൊളിക്കുന്നത് പുനരാവിഷ്കരിക്കുന്ന തരത്തിലായിരുന്നു നാടകം. പള്ളിയുടെ ചിത്രമുള്ള വലിയ പോസ്റ്ററിന് സമീപത്തേക്ക് വെള്ളയും കാവിയും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച  നൂറുകണക്കിന് കുട്ടികൾ ഓടിയടുക്കുന്നു. 'ബോലോ ശ്രീമ രാമ ചന്ദ്ര കീ', ബോലോ ഭാരത മാത കീ, ബോലോ ബജ്റംഗ ബാലി കീ തുടങ്ങിയ മുദ്രാവാക്യങ്ങളും കുട്ടികൾ വിളിച്ചു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. 

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദി എന്നിവർക്ക് മുന്നിലാണ് കുട്ടികൾ നാടകം അവതരിപ്പിച്ചത്. ബാബറി മസ്ജിദ് പൊളിച്ച ശേഷം ഗ്രൗണ്ടില്‍ പ്രതീകാത്മക രാമ ക്ഷേത്രവും കുട്ടികള്‍ നിര്‍മിച്ചു. താമര, നക്ഷത്രം , ഓം തുടങ്ങിയ രൂപങ്ങളും വിദ്യാര്‍ത്ഥികള്‍ നാടകത്തിന് ശേഷം നിര്‍മ്മിച്ചിരുന്നു. രാമ, സീത, ഹനുമാന്‍ മന്ത്രോച്ചാരണത്തോടെയായിരുന്നു നാടകം.

‌വര്‍ഗീയ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രചാരണം നടത്താന്‍ ശ്രമിച്ചതിനും, വ്യക്തിയുടെ മതവികാരങ്ങളെ മുറിവേല്‍പിക്കാനുള്ള ശ്രമത്തിനുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമ 295 എ, 298 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.