ജാതിരാഷ്ട്രീയ വെല്ലുവിളി മറികടക്കാന്‍ ബിജെപി; ഹൈന്ദവ ഏകീകരണം ലക്ഷ്യം

ഗുജറാത്തില്‍ ജാതിരാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ ആര്‍ എസ് എസിന്‍റെ മുഴുവന്‍ കരുത്തും പ്രയോഗിക്കാന്‍ ഒരുങ്ങി ബിജെപി. ജാതിവോട്ടുകളുടെ ഭിന്നിപ്പ് തടഞ്ഞ് ഹിന്ദുത്വത്തില്‍ ഏകീകരിക്കുകയാണ് ലക്ഷ്യം. മുസ്്ലിം വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ കാവി കുടുംബത്തിലെ മുസ്്ലിം രാഷ്ട്രീയ മഞ്ചും രംഗത്തുണ്ട്. നരേന്ദ്ര മോദി പ്രചാരണത്തില്‍ സജീവമാകുന്നതോടെ സമുദായ നേതാക്കള്‍ കളമൊഴിയേണ്ടിവരുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. 

പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ , ഒ.ബി.സി, എസ്.സി, എസ്.ടി ഏകതാ മഞ്ച് നേതാവും കോണ്‍ഗ്രസ് അംഗവുമായ അല്‍പേഷ് ഠാക്കൂര്‍ , ദലിത് നേതാവ് ജിഗ്നേഷ് മേവാനി എന്നിവര്‍ ബിജെപിക്ക് ഉയര്‍ത്തുന്ന തലവേദന ചില്ലറയല്ല. ഗുജറാത്ത് ജനസംഖ്യയില്‍ 15 ശതമാനത്തിലധികമാണ് പട്ടേലുകള്‍. എട്ട് ശതമാനത്തോളം ദലിതരുണ്ട്. ജാതിവോട്ടുകളുടെ ഭിന്നിപ്പ് തടയാന്‍ ഗുജറാത്തില്‍ ആര്‍ എസ് എസിനുള്ള ശക്തമായ സംഘടനാസംവിധാനം പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണ് ബിജെപി. ഹിന്ദുത്വവും വികസനവുമെന്ന അജന്‍ഡ ആര്‍ എസ് എസ് ഒാരോ വോട്ടര്‍മാരിലും നേരിട്ടെത്തിക്കും.1,400 അംഗ ടീമിനെ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. 

നരേന്ദ്ര മോദി പ്രചാരണം കൈയ്യടക്കുന്നതോടെ ജാതി നേതാക്കളുടെ സ്വാധീനം പൂര്‍ണമായും ഇല്ലാതാകുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. മുസ്്ലിം വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ കാവി കുടുംബത്തിലെ മുസ്്ലിം രാഷ്ട്രീയ മഞ്ചും പ്രചാരണരംഗത്ത് സജീവമാകും.