പ്രവാസലോകത്തെ ക്രിസ്മസ്; വിപണിക്കും ഉണർവ്; നിയന്ത്രണങ്ങളോടെ ആഘോഷം

പ്രവാസലോകം ക്രിസ്മസ് ആഘോഷിക്കുകയാണ്. കോവിഡ് കാരണം നിശ്ചലമായ വിപണി ഉണർന്നു. ദേവാലയങ്ങളിൽ നിയന്ത്രണങ്ങളോടെയങ്കിലും പ്രാർഥനയ്ക്ക് സൌകര്യമൊരുക്കിയിട്ടുണ്ട്. കാരൾ സംഗീതവും ക്രിസ്മസ് സംഗമങ്ങളുമെല്ലാം വെർച്വലായാണ് ഒരുക്കുന്നത്. പ്രവാസലോകത്തെ ക്രിസ്മസ് ആഘോഷക്കാഴ്ചകളാണ് ആദ്യം കാണുന്നത്.

ഇങ്ങനെയായിരുന്നു 2019 ലെ ക്രിസ്മസ് രാവ്. കോവിഡ് മഹാമാരി നിശ്ചലമാക്കിയതോടെ അകലംപാലിച്ചായി ആഘോഷങ്ങൾ. എങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ സജീവമായൊരു ആഘോഷവേദികളാണ് യുഎഇയിൽ ഒരുക്കിയിരിക്കുന്നത്. ദേവാലയങ്ങളിലും താമസയിടങ്ങളിലും സംഘടനാ വേദികളിലും ഇത്തവണ കാരൾ സർവീസുകൾ നിയന്ത്രണങ്ങളോടെയാണ് ഒരുക്കിയത്. ഫ്ളാറ്റുകൾ കയറിയിറങ്ങിയുള്ള കാരൾ സർവീസുകളില്ല. പകരം ദേവാലയങ്ങളിലും പാർക്കിലുമൊക്കെ സാമൂഹികഅകലം ഉറപ്പാക്കിയാണ് കാരൾ ആഘോഷം. 

ഷാർജ മാർത്തോമാ ഇടവകയുടെ കീഴിലുള്ള, BMW , RSQ , ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം , ഷാർജ യൂണിവേഴ്സിറ്റി സിറ്റി എന്നീ നാല് പ്രാർഥനാ ഗ്രൂപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് കാരൾ സംഘടിപ്പിച്ചു. ഇടവകവികാരി ഫാ.സിബി.ടി.മാത്യൂസിൻറെ നേതൃത്വത്തിൽ ഒരുക്കിയ കാരൾ സന്ധ്യയിൽ കലാപരിപാടികളും ഒരുക്കിയിരുന്നു.

ദുബായ് സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൻറെ നേതൃത്വത്തിൽ 13 പ്രാർഥനാ ഗ്രൂപ്പുകളാണ് കാരൾ സർവീസ് ഒരുക്കിയത്. പ്രത്യേകം റെക്കോർഡ് ചെയ്ത കാരൾ സർവീസ് വെർച്വലായാണ് വിശ്വാസികൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ഇടവകവികാരി ഫാ.ബിനീഷ് ബാബു, സെക്രട്ടറി ബാബു.എം.കുരുവിള എന്നിവരുടെ നേതൃത്വത്തിലാണ് ക്രിസ്മസ് ആഘോഷങ്ങളൊരുക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ വിവിധയിങ്ങളിലുള്ള വിശ്വാസികൾക്ക് ലൈവായി ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമാകാനും അവസരമൊരുക്കിയിരുന്നു.

അബുദാബി സിഎസ്ഐ ഇടവകയുടെ നേതൃത്വത്തിൽ ക്രിസ്മസ് ഗാനശുശ്രൂഷ സംഘടിപ്പിച്ചു. സെൻറ്.ആൻഡ്രൂസ് ദേവാലയത്തിൽ വച്ച് നടത്തിയ പരിപാടിയിൽ ഇടവകയിലെ 55 അംഗങ്ങളടങ്ങിയ ഗായകസംഘമാണ് കാരൾ ഗാനങ്ങൾ അവതരിപ്പിച്ചത്. ആരാധനാശുശ്രൂഷകളിൽ യുഎഇയിലും ലോകത്തിൻറെ വിവിധയിടങ്ങളിലുമുളള വിശ്വാസികൾ ഓൺലൈനായി പങ്കെടുത്തു. ഇടവകവികാരി 

ക്രിസ്മസ് കാലം വിപണിക്ക് വലിയ ഊർജമാണ് നൽകുന്നത്. കോവിഡിനെ അതിജീവിക്കുന്നതിൻറെ പ്രതിഫലനമാണ് വിപണിയിലെങ്ങും. ഷോപ്പിങ് മാളുകൾ ക്രിസമസ് ട്രീയും വിൻറർ വില്ലേജും ആഘോഷങ്ങളുമൊരുക്കിയാണ് സന്ദർശകരെ സ്വീകരിക്കുന്നത്. ദുബായിൽ ഫെസ്റ്റ്വൽ സിറ്റി, ഗ്ളോബൽ വില്ലേജ് തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം ക്രിസ്മസ് വർണങ്ങളൊരുക്കിയിട്ടുണ്ട്. 

നക്ഷത്രം, ട്രീ, കേക്ക്, അലങ്കാരവസ്തുക്കൾ തുടങ്ങിയവയെല്ലാം വിപണിയിൽ സജീവമാണ്.  ജീവിതം നിശ്ചലമാക്കിയ മഹാമാരിയിൽ നിന്ന് അതിജീവനത്തിലേക്കെത്തുന്നതിനാലാകണം ഇത്തവണത്തെ  ക്രിസ്മസ് വിപണി വ്യാപാരികൾക്കും സന്തോഷമേകുന്നതാണ്. വീടുകളിലും ബേക്കറികളിലുമൊക്കെയായി കാണുന്ന വിവിധരൂപങ്ങളിലും രുചികളിലുമുള്ള കേക്കുകളും ക്രിസ്മസ് വിപണി സജീവമാണെന്നതിൻറെ സാക്ഷ്യമാണ്.

മഹാമാരി അകന്നുതുടങ്ങിയെന്ന ചിന്തയാണ് ദേവാലയങ്ങൾ മുതൽ തെരുവുകളിൽ വരെയുള്ള കാഴ്ചകളിൽ തെളിയുന്നത്. ആ കാഴ്ചകൾ പകരുന്ന പ്രതീക്ഷയോടെയാണ് ഗൾഫിലെ പ്രവാസികളും സ്വദേശികളുമെല്ലാം ക്രിസ്മസിലൂടെ പുതുവർഷത്തിലേക്ക് കടക്കുന്നത്.