ഷെഫിന്റെ ഓർമയ്ക്കായി കേക്ക്; സ്നേഹം നിറച്ച് 'ജോർജ്സ് സിഗ്നേച്ചര്‍'; അപൂർവ്വ ബന്ധം

ഇന്ത്യയുടെ സ്വാതന്ത്ര്യ മധുരത്തിനൊപ്പം ആലപ്പുഴയുടെ രുചിലോകം കീഴടക്കിയ പാരമ്പര്യമാണ് ഹിമാലയ ബേക്കറിയുടേത്. വയറു നിറക്കുന്ന പലഹാരങ്ങൾ മാത്രമല്ല മനസു നിറയ്ക്കുന്ന ചില ആത്മബന്ധങ്ങൾ കൂടിയാണ് ഹിമാലയയെ വേറിട്ട് നിർത്തുന്നത്. ചേർന്ന് നിന്നവരോടുള്ള സ്നേഹവും കരുതലും ബഹുമാനവും നിറച്ച് തലമുറകളിലേക്ക് കൈമാറാൻ ഇവിടെയൊരു കേക്കുണ്ട്. ഹിമാലയയുടെ സ്വന്തം ജോർജ്സ് സിഗ്നേച്ചർ കേക്കുകള്‍. ക്രിസ്മസ് കാലത്തെ രുചിപ്പെരുമയുടേയും തലയെടുപ്പിന്റെയും ആ അപൂർവ്വ കഥയറിയാം..

ബേക്കറിയുടെ ആരംഭം മുതൽ നാല് തറമുറക്ക് രുചി വൈവിധ്യം പകന്ന്  ഒപ്പം ഉണ്ടായിരുന്ന മാസ്റ്റർ ഷെഫാണ് ജോർജ് എന്ന ആശാൻ. അദ്ദേഹത്തിന്റെ ജോർജ് ടച്ച് ഉള്ള പാരമ്പര്യ കൂട്ടുകളാണ് ഇന്നും ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. തങ്ങൾക്ക് ഇത്രയധികം പ്രിയപ്പെട്ട ജോർജാശാന്റെ പേര് എന്നും ഓർക്കാണമെന്ന നിർബന്ധമാണ് ജോർജ്സ് സിഗ്നേച്ചർ കേക്കുകളുടെ പിറവിക്ക് പിന്നിൽ. ചുരുക്കി പറഞ്ഞാൽ വർഷങ്ങളോളം ഒപ്പം നിന്ന തൊഴിലാളിയോട് എങ്ങനെ സ്മരണ പുലർത്താമെന്നതിന് ഇതിനപ്പുറമൊരു ഒരു ഉദാഹരണമുണ്ടാവില്ല.

ജോർജ്സ് സിഗ്നേച്ചർ എന്ന് പേര് സൂചിപ്പിക്കും പോലെ ആശാന്റെ പ്രത്യേക രുചിക്കൂട്ടാണ് കേക്കിനുള്ളത്. പരമ്പരാഗത പ്ലം കേക്ക് എന്ന് ടാഗ് ലൈനാണ് കേക്ക് പ്രേമികളുടെ ഇടയിൽ ജോർജ്സ് സിഗ്നേച്ചറിനെ താരമാക്കുന്നത്. പറയും പോലെ അത്ര എളുപ്പമല്ല കേക്ക് നിർമ്മാണം. മാസങ്ങളുടെ കാത്തിരിപ്പും അധ്വാനവുമുണ്ട് ഒരോ കേക്കും പാക്കറ്റിലെത്തും മുൻപ്. അറുപതുകളിലെ രുചി നുണഞ്ഞിട്ടുള്ളവർ ആ പാരമ്പര്യം തേടി വന്ന ചരിത്രവും ജോർജ്സ് സിഗ്നേച്ചർ കേക്കുകള്‍ക്കുണ്ട.്

ഹിമാലയയും ജോർജും തമ്മിലെ ആത്മബന്ധത്തിന് ബേക്കറിയുടെ അതേ പ്രായമുണ്ട്. രൂചികളുടെ ആശാനായ ജോർജിനെ സ്ഥാനം കൊണ്ടും തലമുറകൾ അങ്ങനെ തന്നെ വിളിച്ചു തുടങ്ങി. പറഞ്ഞും കേട്ടും ആശാന്റെ മഹിമയും കൈമാറി വന്നു. പക്ഷേ ജോർജ് ആശാന്റെ മുഴുവൻ പേരോ എന്തിന് ഒരു ഫോട്ടോ പോലും ആരുടെയും പക്കലില്ല. ആശാൻ വിവാഹിതനായിരുന്നില്ല. എന്നാൽ ആ രുചി പാരമ്പര്യം ജോർജ് കേക്കുകളിലൂടെ നിലനിർത്തണമെന്നത് തന്നെയായിരുന്നു എല്ലാവരുടേയും ആഗ്രഹം. അദ്ദേഹം മരിച്ച് പതിനെട്ട് വർഷം പിന്നിടുമ്പോഴാണ് ജോർജ്സ് സിഗ്നേച്ചർ കേക്കുകള്‍ എന്ന പേരിൽ ആ രുചിക്കൂട്ട് മാർക്കറ്റിൽ എത്തുന്നത്.

1948 ലാണ് ഹിമാലയ ബേക്കറി സ്ഥാപിതമാകുന്നത്. സുധീർ കുമാറാണ് ഇപ്പോഴത്തെ ‌ഓണർ. കേക്ക് തേടി എത്തുന്ന പലരുടേയും സംശയം ഹിന്ദുവായ നിങ്ങളുടെ കടയിലെ കേക്കിനെങ്ങനെ ജോർജ് എന്ന് പേരുവന്നു എന്നാണെന്ന് സുധീർ പറയുന്നു. ചോദിക്കുന്നവരിലേക്കൊക്കെ ആശാന്റെ രുചിക്കഥകൾ പകരുന്നത് അഭിമാനമാണെന്നാണ് സുധീറിന്റെ പക്ഷം. 

എൺപതിനോടടുത്തപ്പോഴാണ് ജോർജ് രുചി ലോകത്ത് നിന്ന് എന്നന്നേക്കുമായി യാത്രയാകുന്നത്. അതിന് ഒരാഴ്ച മുൻപ് വരെയും ബേക്കറിയിലെ നിറസാധിന്യമായിരുന്നു അദ്ദേഹം. ജോർജ് മരിച്ച് വർഷങ്ങൾ കഴി‍ഞ്ഞിട്ടും അദ്ദേഹം ആരുടേയും ഓർമ്മയിൽ നിന്ന് മാഞ്ഞില്ല. വരും തലമുറയും അദ്ദേഹത്തെ ഇതേ മഹത്വത്തോടെ ഓർക്കാൻ ഷെഫിന് പകരമായി ജോർജ് സിഗ്നേച്ചർ കേക്കെത്തി.

ബേക്കറിയിൽ ഇന്നും സ്റ്റാഫുകളുടെ കാര്യത്തിൽ വലിയ ശ്രദ്ധയുണ്ട്. കഴിവും പ്രാഗത്ഭവുമുള്ള പ്രദേശവാസികൾക്കാണ് പരിഗണന. ഇവിടെ അന്യസംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളാരും തന്നെ ജോലിചെയ്യുന്നില്ല. തൊഴിലാളികൾ ദിവസവും വീട്ടിൽ നിന്ന് വന്ന് മടങ്ങണമെന്ന നിർബന്ധമാണ് ഇതിന് പിന്നിൽ. ആലപ്പുഴ കലവൂരിലെ പ്രധാന ബ്രാഞ്ചടക്കം 9 യൂണിറ്റുകളാണ് ഹിമാലയ്ക്ക് ഇപ്പോഴുള്ളത്.