പൊലീസ് നായ കോവിഡ് രോഗിയെ തിരിച്ചറിയും; സംവിധാനവുമായി യുഎഇ

കടപ്പാട്: ഖലീജ് ടൈംസ്

പൊലീസ് നായയെ ഉപയോഗിച്ച് കോവിഡ് രോഗിയെ തിരിച്ചറിയുന്ന സംവിധാനവുമായി യുഎഇ. വ്യക്തികളുടെ വിയർപ്പ് നായയെക്കൊണ്ട് മണപ്പിച്ചാണ് വൈറസ് സാന്നിധ്യം തിരിച്ചറിയുന്നത്. ഇതുസംബന്ധിച്ച പരീക്ഷണം വിജയിച്ചതായി യുഎഇ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 

കോവിഡ് രോഗിയുടെ വിയർപ്പ് സാമ്പിളുകൾ മണത്തശേഷം നായ സമാനമായത് കണ്ടെത്തുന്നതാണ് രീതിയെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ആളുകളുടെ വിയർപ്പ് ശേഖരിച്ച് പ്രത്യേക കുപ്പികളിൽ അടച്ചശേഷമാണ് നായ അത് മണപ്പിക്കുന്നത് എന്നതിനാൽ നേരിട്ടുള്ള സമ്പർക്കം ഒഴിവാകും. കോവിഡ് ബാധിതർക്കായി സജ്ജീകരിച്ച ഫീൽഡ് ആശുപത്രികൾ കേന്ദ്രീകരിച്ചായിരുന്നു നായകളുടെ പരിശീലനം. ക്ഷയം, മലേറിയ തുടങ്ങിയ പകർച്ചവ്യാധികളെ കണ്ടെത്താൻ പരിശീലനം സിദ്ധിച്ച നായകൾക്ക് സാധിക്കുമെന്ന് മുൻപ് തെളിയിക്കപ്പെട്ട പശ്ചാത്തലത്തിലാണ് കോവിഡ് പരിശോധനയ്ക്കും പൊലീസ് നായ്ക്കളെ പ്രയോജനപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്നും വൈറസ് സാന്നിധ്യം കണ്ടെത്തുന്നതിന് 92 ശതമാനം കൃത്യതയുള്ളതായും മന്ത്രാലയം അറിയിച്ചു. 

പൊതുജനങ്ങൾകൂടുന്ന സ്ഥലങ്ങൾ വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ കെ9 പൊലീസ് നായ്ക്കളുടെ സേവനം പ്രയോജനപ്പെടുത്താനാകുമെന്ന് അധികൃതർ വ്യക്തമാക്കി.