യുഎഇയുടെ 'സുവര്‍ണ' സമ്മാനത്തിന് അര്‍ഹര്‍ 2 മലയാളി ഡോക്ടര്‍മാര്‍; അഭിമാനം

യുഎഇ നൽകിയ ‘സുവർണ’ സമ്മാനത്തിൽ അഭിമാനത്തോടെ രണ്ട് മലയാളി ഡോക്ടർമാർ കൂടി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണിപ്പോരാളികളായ ദുബായ് ആരോഗ്യ വിഭാഗത്തിന് കീഴിൽ സേവനമനുഷ്ഠിക്കുന്ന 212 ഡോക്ടർമാർക്ക് നൽകുന്ന 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചവരിൽ തിരുവനന്തപുരം വർക്കല സ്വദേശി ഡോ. ഷാജി മുഹമ്മദ് ഹനീഫും കാസർകോട് ചെറുവത്തൂർ പടന്ന സ്വദേശി ഡോ.സയ്യദ് അഷ്റഫ് ഹൈദ്രോസും ഉൾപ്പെടുന്നു. ഇവരുടെ നേട്ടത്തിൽ യുഎഇയിലെ ഇന്ത്യൻ സമൂഹവും ആഹ്ളാദം പങ്കിടുന്നു. നേരത്തെ കാസർകോട് കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി ഡോ.സി.എച്ച്.അബ്ദുൽ റഹ്മാനും ഗോൾഡൻ വീസ ലഭിച്ചിരുന്നു.

ഡോ.ഷാജിയും ഡോ.സയ്യിദ് അഷ്റഫും ദുബായ് റാഷിദ് ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും മംഗ്ലുരു കെഎംസിയിൽ നിന്ന് ജനറൽ മെഡിസിൻ വിഭാഗത്തിൽ എംഡിയും നേടിയ ഡോ.ഷാജി പിന്നീട് ഇംഗ്ലണ്ടില്‍ ഉപരിപഠനവും നടത്തി. കഴിഞ്ഞ 24 വർഷമായി യുഎഇയിലുള്ള ഡോ.ഷാജി 1996ൽ അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സെന്ററിലാണ് സേവനം ആരംഭിച്ചത്. 2007ൽ ദുബായ് റാഷിദ് ആശുപത്രിയിൽ ചേർന്നു. ഇഡി–ട്രോമാ സെന്ററിലെ സീനിയർ ഡോക്ടറാണ്.

കഴിഞ്ഞ 11 വർഷമായി റാഷിദ് ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ഡോ.സയ്യദ് അഷ്റഫ് ഹൈദ്രോസ് മൈസൂരിൽ നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്. പിന്നീട് സേലം വിനായക വിഷൻ മെഡിക്കൽ കോളജിൽ നിന്ന് എംഡി കരസ്ഥമാക്കി. നാല് വർഷം സൗദിയിൽ ജോലി ചെയ്ത ശേഷമാണ് യുഎഇയിലെത്തിയത്.

യുഎഇയിൽ കോവിഡ് രോഗബാധിതരെ ആദ്യം ചികിത്സിച്ച ആശുപത്രികളിലൊന്നാണ് റാഷിദ് ആശുപത്രി. നിലവിൽ അടിയന്തര ചികിത്സ വേണ്ട‌വർക്ക് മാത്രമാണ് ഇവിടെ പ്രവേശനം. കോവിഡ് ചികിത്സ ആരംഭിച്ചതുമുതൽ രണ്ടുപേരുടെയും താമസം ഹോട്ടലുകളിലാണ്. രണ്ടാഴ്ച കൂടുമ്പോൾ, കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം. അപൂർവമായാണ് വീട്ടിലേയ്ക്കുള്ള യാത്ര. 

വീട്ടമ്മയായ റൈഹാനത്താണ് ഡോ.ഷാജിയുടെ ഭാര്യ. മൂത്ത മകൻ ഷഫീഖ് ദുബായിൽ എന്‍ജിനീയർ. ദുബായിൽ സേവനം ചെയ്യുന്ന ഡോ.ഹീമയാണ് ഷഫീഖിന്റെ ഭാര്യ. രണ്ടാമത്തെ മകൾ ഷഹാന തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംഡിക്ക് പഠിക്കുന്നു. ഇവരുടെ ഭർത്താവ് ഡോ.ആഷിഖ് ബംഗ്ലുരുവിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. മൂന്നാമത്തെ മകൻ റാഫി എം.ഷാജി ബംഗ്ലുരുവിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി.

വീട്ടമ്മയായ ഫർഹാനയാണ് ഡോ.സയ്യദ് അഷ്റഫിന്റെ ഭാര്യ. മകൻ സയ്യിദ് ഹൈദ്രോസ് അലീഫ് മംഗ്ലുരു യേനപ്പോയ മെഡിക്കൽ കോളജിൽ എംബിബിഎസ് ആദ്യ വർഷ വിദ്യാർഥി. ദുബായിൽ വിദ്യാർഥികളായ ഫാത്തിമ അദീബ, ഹിദായ സൈനബ് എന്നിവരാണ് മറ്റു മക്കൾ.