ഗൾഫിൽ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു; 24 മണിക്കൂറിനിടെ 30 മരണം

കോവിഡ് ബാധിച്ച് യുഎഇയിൽ പതിമൂന്നും കുവൈത്തിൽ ഒൻപതും സൌദിയിൽ ഏഴു പേരും കൂടി മരിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടെ മുപ്പത് പേരാണ് ഗൾഫിൽ മരിച്ചത്. കുവൈത്തിൽ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം മൂവായിരം കടന്നു.

യുഎഇയിൽ ആദ്യമായാണ് പതിമൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആകെ മരണസംഖ്യ 198 ആയി. 791 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 18,198 ആയി. 4804 പേരാണ് രോഗമുക്തി നേടിയത്. 29,000 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കുവൈത്തിൽ ഒൻപത് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 58 ആയി.244 ഇന്ത്യക്കാരുൾപ്പെടെ 1065 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു.

ആകെ രോഗബാധിതരായ 8688 പേരിൽ 3217 പേർ ഇന്ത്യക്കാരാണ്. സൌദിയിൽ 1912 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതർ 39,048. രോഗമുക്തി നേടിയവർ 11457. ബഹ്റൈനിൽ ആകെ രോഗബാധിതരായ 4856 പേരിൽ 2065 പേരും സുഖം പ്രാപിച്ചു. ഒമാനിൽ രോഗം ബാധിച്ച  3399 പേരിൽ 1117 പേരും രോഗമുക്തി നേടി. 96709 പേരാണ് ആറ് ഗൾഫ് രാജ്യങ്ങളിലുമായി രോഗബാധിതരായത്. 541 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.