കോവിഡ് 19; ഗൾഫിൽ മരണം 7; രോഗികളുടെ എണ്ണവും വർദ്ധിക്കുന്നു

ഗൾഫ് മേഖലയിൽ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി. സൌദിയിൽ നാൽപ്പത്താറുകാരൻ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇരുപത്തിനാലു മണിക്കൂറിനിടെ ഇരുന്നൂറ്റിതൊണ്ണൂറ്റൊന്നു പേർക്കാണ് ഗൾഫിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.

സൌദിയിൽ മക്കയിലാണ് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തതെന്നു സൌദി ആരോഗ്യമന്ത്രാലയം അറിയിച്ചു. 133 പേർക്കാണ് ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇതിൽ 83 പേർ റിയാദിലും 10 പേർ ജിദ്ദയിലും ആറു പേർ ദമാമിലുമാണ് ചികിൽസയിലുള്ളത്. രാജ്യത്തെ 900 രോഗബാധിതരിൽ 29 പേർ രോഗമുക്തി നേടി.  യുഎഇയിൽ 85 പേർക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 333 ആയി. 53 പേർ സുഖം പ്രാപിച്ചു. 

ഒമാനിൽ പുതിയതായി 15 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നു വിദേശികളുൾപ്പെടെ ആകെ 99 രോഗികളിൽ 17 പേർ രോഗമുക്തി നേടി. ബഹ്റൈനിൽ രോഗമുക്തി നേടിയവരുടെ എണ്ണം 190 ആയി. 226 പേരാണ് ചികിൽസയിലുള്ളത്. കുവൈത്തിൽ രോഗം സ്ഥിരീകരിച്ച 195 പേരിൽ 43 പേർ സുഖം പ്രാപിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഖത്തറിൽ പതിനൊരായിരത്തിലധികം പേർക്കാണ് രോഗപരിശോധന നടത്തിയത്. 526 കേസുകൾ റിപ്പോർട്ട് ചെയ്തു.ഇതിൽ 41 പേരുടെ രോഗം മാറിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.