യുഎഇ ഇന്ത്യയിൽ മൂന്നു കോൺസുലേറ്റുകൾ കൂടി തുറക്കുന്നു

യുഎഇ ഇന്ത്യയിൽ മൂന്നു കോൺസുലേറ്റുകൾ കൂടി തുറക്കുന്നു. ചെന്നൈ, ഹൈദരാബാദ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലായിരിക്കും പുതിയ കോൺസുലേറ്റുകൾ. 

ഡൽഹിയിലെ എംബസിയ്ക്കും തിരുവനന്തപുരത്തെയും മുംബൈയിലെയും കോൺസുലറ്റുകൾക്കും പുറമേയാണ് യുഎഇ ഇന്ത്യയിൽ മൂന്നു കോൺസുലേറ്റുകൾ കൂടി ആരംഭിക്കുന്നത്. ഇതോടെ ഇന്ത്യയിലെ യുഎഇ നയതന്ത്ര കാര്യാലയങ്ങളുടെ എണ്ണം ആറാകും. യുഎഇയിലേക്കു യാത്രചെയ്യുന്നവരുടെ വീസാ നടപടികൾ കൂടുതൽ വേഗത്തിൽ സുതാര്യമായി പൂർത്തിയാക്കാൻ ഇതുവഴി സാധിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും. കഴിഞ്ഞവർഷം ഒക്ടോബറിലാണ് തിരുവനന്തപുരത്ത് കോൺസുലേറ്റ് തുടങ്ങിയത്. ഒരു ഗള്‍ഫ് രാജ്യത്തിന്റെ തിരുവനന്തപുരത്തെ ആദ്യ കോൺസുലേറ്റ് ആണിത്.. ഇതിനു പുറമേ അടുത്തവർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും യുഎഇ സന്ദർശിച്ചേക്കുമെന്ന് സൂചനകളുണ്ട്. 2015ൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു ശേഷമാണ് ഇന്ത്യാ യുഎഇ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമായത്. ഇതിനു ശേഷം രണ്ടുതവണ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യ സന്ദർശിച്ചിരുന്നു.