‘ഞാൻ മമ്മൂട്ടിയാണ്.;’ നൗഷാദിനെ തേടി ഇക്കയുടെ കോൾ; അഭിനന്ദനപ്രവാഹം

‘ഞാൻ മമ്മൂട്ടിയാണ് വിളിക്കുന്നത്. ഞങ്ങൾക്ക് ആർക്കും തോന്നാത്തതാണ് നിങ്ങൾ ചെയ്തത്. വലിയൊരു കാര്യമാണ് നിങ്ങൾ ചെയ്തത്. നന്നായി വരട്ടെ ഇൗദ് മുബാറക്ക്..’ ആ ശബ്ദത്തിനോട് മറുപടിയായി നൗഷാദ് എല്ലാം മൂളിക്കേട്ടു. വാക്കായി മമ്മൂട്ടിയോട് പറഞ്ഞത് ഒന്നുമാത്രം ഇൗദ് മുബാറക്ക്. ആശംസകളുടെയും പ്രശംസകളുടെയും നടുവിൽ മമ്മൂട്ടിയുടെ വാക്കുകൾ കൂടി എത്തിയതിന്റെ അമ്പരപ്പിലാണ് മലയാളത്തിന്റെ നൗഷാദിക്ക. ഇതിന് പിന്നാലെ ജയസൂര്യയും അദ്ദേഹത്തെ നേരിൽ വിളിച്ച് അഭിനന്ദിച്ചു. സമൂഹമാധ്യമങ്ങളിലും നൗഷാദിന് അഭിനന്ദനപ്രവാഹമാണ്.

‘പടച്ചോൻ അവന്റെ മനസ് കൊടുക്കുന്നത് വളരെ കുറച്ച് പേർക്കേയുള്ളൂ. അങ്ങനെയൊരു പടച്ചോൻ പെരുന്നാളിന്റെ തലേന്ന് കൊച്ചി ബ്രോഡ്​വേയിലുദിച്ചിട്ടുണ്ട്. നൗഷാദിക്ക.. ഇക്ക നിങ്ങളെ പോലുള്ളവരുണ്ടായോണ്ടാണ്. ഇൗ ഭൂമി ഇപ്പോഴും ഉള്ളത്.. കോഴിക്കോട് മാൻഹോളിലൂടെ മറഞ്ഞിട്ട് എറണാകുളം ബ്രോഡ് വേയിൽ കടയും തുറന്നിരുപ്പുണ്ട്. നൗഷാദ്.., ഇനി കൊച്ചിയിൽ വന്നാ നിങ്ങളുടെ കടയിൽ നിന്നും മലയാളി വസ്ത്രം വാങ്ങും നിങ്ങ നോക്കിക്കോ ഇക്ക..നൂറിരട്ടി കിട്ടും..’ ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾ കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങൾ. 

ആശംസകളുെടയും അനുമോദനങ്ങളുടെയും പ്രചോദനങ്ങളുടെയും നടുക്ക് നൗഷാദിക്ക വീർപ്പുമുട്ടുന്നു. ഒരു നിമിഷം പോലും വിശ്രമിമില്ലാതെ ആ ഫോൺ ശബ്ദിച്ചു കൊണ്ടിരിക്കുന്നു. കാരണം ഒരു രാത്രി കൊണ്ട് ഇൗ മനുഷ്യന്റെ പ്രവൃത്തി മലയാളിക്ക് നൽകിയത് അതിജീവനത്തിന്റെ ഉൗർജമാണ്.

മന്ത്രിമാരും സിനിമാ താരങ്ങളും യുവാക്കളും എന്നുവേണ്ട നൗഷാദിനെയും അയാളുടെ സ്നേഹം നിറച്ച ചാക്കുകളുടെയും കഥ അറിയാത്തവർ ഇൗ നിമിഷം ചുരുക്കമാണ്. പെരുന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള കുറിപ്പിന് മുകളിൽ നൗഷാദിന്റെ ചിത്രവും സ്ഥാനം പിടിച്ചു. അത്രത്തോളം മലയാളി അയാളെ നെഞ്ചേറ്റി കഴിഞ്ഞു. ഇന്നലെ ൈവകിട്ട് നടൻ രാജേഷ് ശർമ പങ്കുവച്ച ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് നൗഷാദ് എന്ന മനുഷ്യനെ കുറിച്ച് മലയാളി അറിയുന്നത്. മാധ്യമങ്ങളും സൈബർ ലോകവും ഇൗ വിഡിയോ ഏറ്റെടുത്തതോടെ നൗഷാദിക്ക പെരുന്നാൾ നിലാവായി മാറി. 

‘നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..’ നൗഷാദിന്റെ വാക്കുകൾ ‘ഇക്കൊല്ലം ആരുമൊന്നും കൊടുക്കുന്നില്ലത്രെ’ എന്ന് ചിരിയോടെ പറയുന്നവരുടെ മുഖത്തേറ്റ അടിയായി. ഇതിന് പിന്നാലെ ക്യാപുകളിലേക്ക് ആവശ്യസാധനങ്ങളുടെ വരവ് കൂടി. മടിച്ചുനിന്നവർക്ക് നൗഷാദ് മാതൃകയായി. ഇക്കൊല്ലം കൊടുക്കുന്നില്ലെന്ന് പറഞ്ഞവരും ഇപ്പോൾ കൊടുക്കുന്നുണ്ടത്ര എന്ന ഹാഷ്ടാഗ് വരെ വൈറലായി.