‘ആദ്യം ചെറിയ മുറിവ്; പിന്നാലെ ആ അപകടം എന്നെ ‘മൊട്ട’ രാജേന്ദ്രനാക്കി: വിഡിയോ

മൊട്ട രാജേന്ദ്രൻ, വില്ലനായും ഹാസ്യതാരമായുമൊക്കെ തമിഴ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ നടനെ ശ്രദ്ധേയനാക്കിയത് അയാളുടെ രൂപം തന്നെയാണ്. തലയിലും മുഖത്തും പുരികത്തിലും ഒരു തരി രോമം പോലും ഇല്ലാത്ത രാജേന്ദ്രന്‍ ഇപ്പോൾ തമിഴ് സിനിമയിലെ നിറസാന്നിധ്യമാണ്. രാജേന്ദ്രന്റെ ഈ രൂപത്തിനു കാരണം ഒരു മലയാള സിനിമയാണ്. 

മോഹന്‍ലാലിനും അരവിന്ദ് സ്വാമിക്കും ഒപ്പം ഗുണ്ടയായി അഭിനയിച്ചിട്ടുള്ള രാജേന്ദ്രനെ ഷൂട്ടിങ്ങിനിടയ്ക്കു പറ്റിയ ഒരു അപകടമാണ് ഈ രൂപത്തിലെത്തിച്ചത്. ആ സംഭവത്തെക്കുറിച്ച് ആദ്യമായി പ്രേക്ഷകർക്കു മുന്നിൽ തുറന്നുപറഞ്ഞ് താരം. തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘തലയില്‍ നിറയെ മുടിയും മുഖത്തു മീശയുമുള്ള ചെറുപ്പക്കാരനായിരുന്നു ഞാനും. അങ്ങനെയിരിക്കെ മലയാള സിനിമയ്ക്കു വേണ്ടി വയനാട്ടിലെ കൽപറ്റയിൽ പോയി. പത്തടി ഉയരത്തിൽ നിന്നും വെള്ളത്തിലേയ്ക്ക് ചാടുന്ന രംഗമുണ്ടായിരുന്നു. എന്നാൽ അത് എന്തുതരം വെള്ളമാണെന്നൊന്നും നമുക്ക് അറിയില്ല. വെള്ളത്തിലേയ്ക്ക് വീഴുന്ന ഷോട്ട് ആണ് അവർക്കു വേണ്ടത്. 

നടൻ ഇടിക്കുന്നു, ഞാൻ വെള്ളത്തിലേയ്ക്ക് വീഴുന്നു. ഇതു മോശം വെള്ളമാണെന്നും െകമിക്കൽ ഫാക്ടറിയിൽ നിന്നും പുറംതള്ളുന്ന മാല്യനമാണ് വെള്ളത്തിൽ നിറയയെന്നും അവിടെയുള്ള നാട്ടുകാർ പറയുന്നുണ്ട്. പ്രധാനപ്പെട്ട താരങ്ങൾക്കൊക്കെ ഉടൻ തന്നെ പോയി കുളിച്ച് വൃത്തിയാകാനുള്ള സൗകര്യം ഉണ്ട്. എന്നാൽ നമുക്ക് അന്ന് അതൊന്നും ഇല്ലായിരുന്നു. ഷൂട്ട് കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തി. ആദ്യം ചെറിയ മുറിവ് പോലെ തലയിൽ ഉണ്ടായി. പിന്നീട് മുഴുവനും പടർന്നു, അത് പിന്നെ മൊട്ട രാജേന്ദ്രൻ എന്ന പേരിൽ എന്നെ കൊണ്ടെത്തിച്ചു.’–മൊട്ട രാജേന്ദ്രൻ പറഞ്ഞു.