'ലാൽ സാറും ചേട്ടനും ഞാനുമുള്ള വള്ളം മുങ്ങിയാൽ ആദ്യം ആരെ രക്ഷിക്കും’: ഭാര്യയുടെ ചോദ്യം

ഭാര്യ ശാന്തിയുടെ കരുതലിനെക്കുറിച്ച് മനസ്സുതുറന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ശാന്തിയുടെ മിടുക്ക് കൊണ്ടാണ് കുട്ടികളെ വളർത്തിയത്. ജോലി ചെയ്യുന്നത് വലിയ മനുഷ്യന് വേണ്ടിയെന്ന് അവൾക്കറിയാമായിരുന്നു. ആ കരുതൽ ശാന്തിക്കില്ലായിരുന്നുവെങ്കിൽ താൻ ഇവിടെ എത്തിലായിരുന്നുവെന്നും ആന്റണി ഭാഷാപോഷിണിയില്‍ പെരുമ്പാവൂർ ഉണ്ണി കെ വാരിയർക്ക് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. 

''എന്റെ ഭാര്യ ശാന്തി ഒരിക്കൽ ചോദിച്ചു, ‘ലാൽ സാറും ചേട്ടനും ഞാനുമുള്ളൊരു വള്ളം മുങ്ങിയാൽ ചേട്ടൻ ആദ്യം ആരെ രക്ഷിക്കുമെന്ന്’. ഞാൻ പറഞ്ഞു, വള്ളം മുങ്ങുമ്പോൾ തീരുമാനിക്കാമെന്ന്. കുറെ പെൺകുട്ടികളെ കണ്ട ശേഷമാണു ശാന്തിയെ കണ്ടത്. അതും ഭാഗ്യമായി. ഒരു തരത്തിലും എന്റെ ജോലിയെ ശല്യപ്പെടുത്താതെ ശാന്തി കുട്ടികളെ വളർത്തി. അവൾ പ്രസവിക്കുമ്പോൾ പോലും ഞാൻ അടുത്തില്ലായിരുന്നു. അതേക്കുറിച്ചുപോലും ശാന്തി പരാതിപ്പെട്ടിട്ടില്ല. അവൾക്കറിയാം ഞാൻ ജോലി ചെയ്യുന്നതു ഒരു വലിയ മനുഷ്യനു വേണ്ടിയാണെന്ന്.

''ആ കരുതൽ ശാന്തിക്കില്ലായിരുന്നുവെങ്കിൽ ഞാൻ ഇവിടെ എത്തുമായിരുന്നില്ല. സ്വന്തം കുടുംബത്തെക്കാൾ കൂടുതൽ വേറെയൊരു കുടുംബത്തോടു ചേർന്നു നിൽക്കുന്ന ഒരാളെ ഏതു ഭാര്യയ്ക്കാണ് അംഗീകരിക്കാനാകുക. കഴിഞ്ഞ നാലോ അഞ്ചോ വർഷമായിട്ടാണു ഞാൻ സ്ഥിരമായി വീട്ടിലെത്തുന്നത്. മാസത്തിൽ ഒരിക്കൽപ്പോലും വീട്ടിലെത്താത്ത ഭർത്താവായിരുന്നു ഞാൻ. ശാന്തിയുടെ മിടുക്കാണു കുട്ടികളെ വളർത്തിയത്, ആന്റണി പറഞ്ഞു.