‘ദുബായിൽ ഒറ്റ രാത്രിക്ക് ലഭിക്കുമോ?’; സ്ക്രീന്‍ഷോട്ട് പരസ്യമാക്കി നേഹയുടെ മറുപടി; രോഷം

മലയാളികൾക്ക് എറെ സുപരിചിതയായ നടിയാണ് നേഹ് സക്സേന. മമ്മൂട്ടി നായകനായ കസബ, മോഹൻലാൽ ചിത്രം മുന്തിരിവളളികൾ തളിർക്കുമ്പോൾ, സഖാവിന്റെ പ്രിയ സഖി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം നടത്തിയ താരവുമാണ്. സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട ദുരനുഭവം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് താരം. 

നടിയുടെ പിആർ മാനേജറോടാണ് ഗൾഫിലുളള യുവാവ് മോശമായ ഭാഷയിൽ സംസാരിച്ചത്. ദുബായില്‍ ഒരു രാത്രിയിലേക്ക് താരത്തെ ലഭിക്കുമോ എന്നായിരുന്നു വാട്സ് ആപ്പ് ചാറ്റിലൂടെ ഇയാളുടെ ചോദ്യം. ഇതിന്റെ സ്ക്രീൻഷോട്ട് അടക്കം നടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.  യു.എ.ഇയിലുള്ള സുഹൃത്തുക്കള്‍ ഇയാളെ തിരിച്ചറിയണമെന്നും ഇത്തരത്തിലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നും നേഹ കുറിച്ചു. സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം എന്താണെന്ന് ഇയാളുടെ കുടുംബം തിരിച്ചറിയണമെന്നും നേഹ പറഞ്ഞു.

അയാളുടെ ഫോൺ ആരോ ഹാക്ക് ചെയ്തതാണെന്നാണ് അയാളുടെ അവകാശവാദം. ആ വാദം മുഖവിലയ്ക്ക് എടുത്താൽ തന്നെ എന്റെ പിആർ മാനേജറുടെ മെസേജ് വന്നപ്പോൾ എന്തിന് ആ നമ്പർ ബ്ലോക്ക് ചെയ്തു. ഈ സംഭവത്തിനുശേഷം ഒന്നു വിളിച്ച് ക്ഷമാപണം നടത്താനോ അല്ലെങ്കിൽ മാപ്പ് പറയാനോ അയാൾ കൂട്ടാക്കിയില്ല. അതുകൊണ്ടാണ് അയാളുടെ വിവരങ്ങള്‍ സഹിതം സമൂഹമാധ്യമത്തിലൂടെ എഴുതിയത്.’–നേഹ പറഞ്ഞു. ‘ഇത്തരത്തിലുള്ള ആളുകൾ സമൂഹത്തിനു തന്നെ നാണക്കേടാണ്. അയാൾ മാപ്പു പറയാതെ പിൻമാറില്ല ’–നേഹ വ്യക്തമാക്കി. നേഹയ്ക്ക് നേരിടേണ്ടി വന്ന ഈ ദുരനുഭവത്തിൽ സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാണ്.