ഓണ്‍ലൈന്‍ വഴി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്; നൈജീരിയന്‍ സ്വദേശി അറസ്റ്റിൽ

ഓണ്‍ലൈന്‍ വഴി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. റൈമന്‍ഡ് ഉനിയാമയെയാണ് ദില്ലിയില്‍ നിന്ന് പാലക്കാട് സൈബര്‍ പൊലീസ് പിടികൂടിയത്. നവമാധ്യമത്തിലൂടെ പരിചയപ്പെട്ട കൂറ്റനാട് സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് അറസ്റ്റ്. 

നവംബറില്‍ കൂറ്റനാട് സ്വദേശിയില്‍ നിന്ന് റൈമന്‍ഡ് ഉനിയാമ വ്യത്യസ്ത സമയങ്ങളിലായി ഇരുപത്തി ഒന്ന് ലക്ഷത്തിലധികം രൂപ തട്ടിയിരുന്നു. നവമാധ്യമത്തിലൂടെയാണ് ഇരുവരും സൗഹൃദത്തിലായത്. പരാതിക്കാരന്റെ ജന്‍മദിനം ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങളില്‍ സമ്മാനം നല്‍കാനും നേരില്‍ക്കാണാനും ആഗ്രഹമുണ്ടെന്ന് അറിയിക്കുകയായിരുന്നു. പിന്നാലെ കേരളത്തിലേക്കുള്ള യാത്രയിലാണെന്നും അറിയിച്ചു. വിദേശ കറന്‍സിയുമായി വിമാനത്താവളത്തില്‍ പിടിയിലായെന്നും രക്ഷപ്പെടാന്‍ ഇന്ത്യന്‍ രൂപ അടയ്ക്കണമെന്നും വിശ്വസിപ്പിച്ചു. ഈ സാഹചര്യം മുതലെടുത്താണ് ബാങ്ക് അക്കൗണ്ടിലൂടെ കൂടിയ തുക റൈമന്‍ഡ് ഉനിയാമ തട്ടിയത്. പണം കൈക്കലാക്കിയതിന് ശേഷം നവമാധ്യമങ്ങളില്‍ നിന്നുള്‍പ്പെടെ പിന്‍മാറി. ഇത് സംശയം കൂട്ടി. പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഫോണ്‍വിളികള്‍ പിന്തുടര്‍ന്നും നവമാധ്യമങ്ങളിലെ സാന്നിധ്യം മനസിലാക്കിയുമാണ് ദില്ലിയിലെത്തി സൈബര്‍ പൊലീസ് സംഘം തട്ടിപ്പുകാരെന കസ്റ്റഡിയിലെടുത്തത്.  

സമാനരീതിയില്‍ കൂടുതലാളുകള്‍ റൈമന്‍ഡ് ഉനിയാമ വഴി തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് നിഗമനം. ഒരാള്‍ക്ക് മാത്രമായി തട്ടിപ്പ് നടത്താന്‍ കഴിയില്ലെന്നാണ് പൊലീസ് കരുതുന്നത്. അടുത്തിടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സമാനമായ തട്ടിപ്പുകള്‍ നടന്നിരുന്നു. ഈ കേസുകളില്‍ റൈമന്‍ഡിന് ഏതെങ്കിലും തരത്തില്‍ പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.