ആ സിഗരറ്റുവലി പാടില്ലായിരുന്നു; വിഷമമുണ്ട്; ഇനി ശ്രദ്ധിക്കാം: തുറന്നുപറഞ്ഞ് ഫഹദ്, അഭിമുഖം

വരത്തനിലെ സിഗരറ്റ് വലിക്കുന്ന രംഗത്തിൽ വിഷമമുണ്ടെന്ന് ഫഹദ് ഫാസിൽ. ഇനിയുള്ള സിനിമകളിൽ അത് ഒഴിവാക്കാൻ നോക്കുമെന്നും ഫഹദ്. മലയാള മനോരമയില്‍ ഉണ്ണി കെ.വാര്യർക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്. സിനിമയിലെ ചില സീനുകളിലെ സിഗരറ്റ് വലിയെക്കുറിച്ച് പരാതിയുണ്ടല്ലോ എന്ന ചോദ്യത്തിന് ഉത്തരമായാണ് ഫഹദ് നിലപാട് വ്യക്തമാക്കിയത്.

ഫഹദിന്റെ വാക്കുകളിങ്ങനെ: ശരിയാണ്. ഒരാൾ എന്റെ ഫെയ്സ്ബുക്കിലെഴുതി, നിർത്തിയ സിഗരറ്റ് വലി വീണ്ടും തുടങ്ങിയത് ഈ സിനിമ കണ്ട ശേഷമാണെന്ന്. ഞാൻ സിഗരറ്റ് വലിക്കാൻ പാടില്ലായിരുന്നു. അതിലെനിക്കു വിഷമമുണ്ട്. ഇനിയുള്ള സിനിമകളിൽ അതൊഴിവാക്കാനും നോക്കും. പക്ഷേ കഥാപാത്രം അതു ഡിമാൻഡ് ചെയ്യുമ്പോൾ അതു വേണ്ടിവരും. വരത്തനിൽ സംഭവിച്ചതും അതാണ്.

അഭിമുഖത്തിന്‍റെ പൂര്‍ണരൂപം വായിക്കാം :

പുറത്ത് ആയുധങ്ങളുമായി ഒട്ടേറെപ്പേർ നിൽക്കുകയാണ്. നിരായുധനായി വാതിൽ തുറന്ന മനുഷ്യനെക്കണ്ട് അവർ പകച്ചു നിൽക്കുമ്പോൾ വാതിലിന്റെ അകത്തുറപ്പിച്ച കൊളുത്തിൽ നിന്ന് അയാൾ മിന്നലുപോലൊരു കത്തി മുകളിലേക്കു തട്ടിയിട്ടു. അത് അയാളുടെ വലംകയ്യിലേക്കു പറന്നെത്തുന്ന നിമിഷാർധത്തിനുള്ളിൽ അയാൾ ഇടതു കൈകൊണ്ട് എതിരാളിയുടെ തല നെഞ്ചിലേക്കു ചേർത്തുപിടിച്ചു. എന്തു സംഭവിക്കുന്നുവെന്നറിയുന്നതിനുള്ളിൽ കത്തി എതിരാളിയുടെ ദേഹത്തു പാളിക്കഴിഞ്ഞു. 

അതുവരെ മിണ്ടാതിരുന്ന തിയറ്ററിൽ പെട്ടെന്നു പടക്കം പൊട്ടുന്നതുപോലെ ആരവമുയർന്നു. കാണികളുടെ മനസ്സിനുള്ളിലൂടെയൊരു മിന്നൽ കടന്നുപോയി. നടനായ ഫഹദ് ഫാസിൽ താരമാകുന്ന നിമിഷം. ‘വരത്തൻ’ എന്ന സിനിമയിൽ പിന്നീടങ്ങോട്ടു കണ്ടതു താരമായി എതിരാളികൾക്കു മുന്നിൽ വളരുന്ന ഫഹദ് ഫാസിലിനെയാണ്. ഇതുവരെ കണ്ട ഫഹദ് തന്നെയാണോ ഇതെന്നു സംശയിക്കുന്ന നിമിഷങ്ങൾ. പെരുപ്പിച്ച മസിലുകളോ കടുത്ത ശബ്ദമോ പേടിപ്പിക്കുന്ന ഉയരമോ സ്‌ലോമോഷനോ ഒന്നുമല്ല താരലക്ഷണമെന്നു തിയറ്ററുകളെ ബോധ്യപ്പെടുത്തിയ നിമിഷങ്ങൾ. ‘വരത്തനിൽ’ ഫഹദ് തുറന്നതു നടനിൽ നിന്നു സൂപ്പർ താരത്തിലേക്കുള്ള വാതിലാണ്. എല്ലാ ചേരുവകളും അരച്ചു ചേർത്ത ശരിക്കുമുള്ള ഹീറോയിസം.

നടനിൽ നിന്നു താരത്തിലേക്കുള്ള ഈ മാറ്റം ഫഹദ് അനുഭവിക്കുന്നുണ്ടോ?

ഇതൊന്നും ഞാൻ ഉണ്ടാക്കിയതോ അനുഭവിക്കുമ്പോൾ അമിതമായി സന്തോഷിക്കുന്നതോ ആയ കാര്യങ്ങളല്ല. വരത്തൻ വിജയിച്ചതുകൊണ്ട് ഇനി വരാനിരിക്കുന്ന എന്റെ എല്ലാ സിനിമയും വിജയിക്കുമെന്നോ ഞാൻ കരുതുന്നില്ല. വരത്തൻ ആളുകൾ കാണുന്നത് അതിലെ വിഷയം ഓരോരുത്തരുടെയും മനസ്സിൽ തൊടുന്നതു കൊണ്ടാണ്.

വരത്തൻ ഉണ്ടായിവന്ന സിനിമയാണോ?

തികച്ചും ജൈവികമായി ഉണ്ടായിവന്ന സിനിമയാണത്. ഒരിക്കൽ സംവിധായകൻ അമൽ നീരദിന്റെ വീട്ടിൽ കണ്ടുമുട്ടിയ ഒരു സുഹൃത്തു പറഞ്ഞു, പ്രാർഥിക്കാൻ പോകാൻപോലും പേടിക്കണം, അവിടെയും തുറിച്ചു നോട്ടമാണെന്ന്. ഇത് എന്നെയും അമലിനെയും വല്ലാതെ അലട്ടിയ കാര്യമായിരുന്നു. നമ്മുടെ സ്ത്രീകളുടെ മേൽ അജ്ഞാതമായ ഒരു കണ്ണ് ഉണ്ടെന്ന പേടിപ്പെടുത്തുന്ന കാര്യമാണു വരത്തൻ പറയുന്നത്. അത് ഒരു സ്ത്രീയുമായി പുറത്തിറങ്ങുന്ന ആർക്കും മനസ്സിൽ തോന്നുന്ന കാര്യമാണ്. സിനിമ വിജയിക്കാൻ കാരണവും അതു തിരിച്ചറിഞ്ഞു എന്നതാണ്. 

പക്ഷേ ഞെട്ടിക്കുന്ന ആക്‌ഷൻ സീനുകളാണല്ലോ?

നമ്മുടെ സ്ത്രീകൾക്കു പുറകെ അലയുന്ന കണ്ണുകൾ വേണ്ട സമയത്ത് അതർഹിക്കുന്ന ഗൗരവത്തോടെ കാണാനാകാതെ പോകുന്നതു നമ്മുടെയെല്ലാം പ്രശ്നമാണ്. നമ്മൾ എപ്പോഴും പറയുന്നത് അങ്ങിനെയൊന്നുമുണ്ടാകില്ല എന്നാണ്. അതു മനപ്പൂർവം പറയുന്നതല്ല. ഒന്നും ഉണ്ടാകില്ല എന്നു നാം വിശ്വസിക്കുന്നു. അതു തിരിച്ചറിയുമ്പോഴേക്കും അപകടം വാതിൽ കടന്നു വന്നുകാണും. ഈ തിരിച്ചറിവിൽ പൊട്ടിത്തെറിക്കുന്ന എത്രയോ പേരിൽ ഒരാളെയാണു വരത്തനിൽ കണ്ടത്. 

ആദ്യ ഭാഗം പതുക്കെ നീങ്ങിയെന്നു പരാതിയുണ്ടല്ലോ?

അതൊരു കഥ പറയൽ രീതിയാണ്. അമൽ നീരദ് എന്ന നല്ല ക്രാഫ്റ്റുള്ള ഒരാളുടെ രീതി. ആ പതുക്കെയിൽ നിന്നാണു രണ്ടാമത്തെ പകുതിയുടെ വേഗത്തിലേക്കുള്ള ഊർജം കിട്ടുന്നത്.

അവസാന സീനുകൾക്കായി ഒരു പാടു കഷ്ടപ്പെട്ടുവെന്നു കേട്ടിരുന്നു? 

കുട്ടിക്കാനത്ത് 22 ദിവസമാണ് ആക്‌ഷൻ ഷൂട്ടു ചെയ്തത്. കൊടും തണുപ്പിലും പെരുമഴയിലും രാവും പകലും ഷൂട്ടു ചെയ്തു. ചെളിയിൽകിടന്നു ദേഹം മുഴുവൻ ചെളിപറ്റുമ്പോൾ തണുത്തു വിറയ്ക്കുകയായിരുന്നു. അവിടെ ജോലി ചെയ്ത ഓരോരുത്തരും ദേഹത്തു ചൂടുവെള്ളം കോരി ഒഴിച്ചാണു തണുപ്പിൽ നിന്നു രക്ഷപ്പെട്ടത്. അതു ചെയ്യുന്നത് ആ സിനിമ നമ്മുടെ മനസ്സിൽ അറിയാതെയുണ്ടാക്കിയ ഒരു ലഹരി കൊണ്ടാണ്. 

ആ സീനുകളിലെ സിഗരറ്റുവലിയെക്കുറിച്ചു പരാതികളുണ്ട്?

ശരിയാണ്. ഒരാൾ എന്റെ ഫെയ്സ്ബുക്കിലെഴുതി, നിർത്തിയ സിഗരറ്റ് വലി വീണ്ടും തുടങ്ങിയത് ഈ സിനിമ കണ്ട ശേഷമാണെന്ന്. ഞാൻ സിഗരറ്റ് വലിക്കാൻ പാടില്ലായിരുന്നു. അതിലെനിക്കു വിഷമമുണ്ട്. ഇനിയുള്ള സിനിമകളിൽ അതൊഴിവാക്കാനും നോക്കും. പക്ഷേ കഥാപാത്രം അതു ഡിമാൻഡ് ചെയ്യുമ്പോൾ അതു വേണ്ടിവരും. വരത്തനിൽ സംഭവിച്ചതും അതാണ്. 

പലരിൽനിന്നും വാങ്ങിയ അഡ്വാൻസ്, നഷ്ടപരിഹാരം സഹിതം ഫഹദ് തിരിച്ചു കൊടുത്തിരുന്നു?

പലരിൽ നിന്നുമില്ല, രണ്ടു പേരിൽ നിന്ന്. എനിക്ക് ആ കഥകൾ ശരിയാകില്ല എന്നതുകൊണ്ടാണു അഡ്വാൻസ് തിരിച്ചുകൊടുത്തത്. അവർക്കുപോലും എന്നോടു പരാതിയുണ്ടാകില്ല. കള്ളത്തരം കാണിച്ചു ജീവിച്ചിട്ടെന്തുകാര്യം.

ഇപ്പോൾ സത്യൻ അന്തിക്കാടിന്റെ സെറ്റിൽ ഫഹദ് വളരെ റിലാക്സ്ഡായി കാണുന്നു?

ചില സിനിമകൾ നമ്മൾ ഇംഗ്ലിഷ് മീഡിയം കോൺവന്റിൽ പഠിക്കുന്നതു പോലെയാണ്. എല്ലാം നേരത്തെ ചിട്ടപ്പെടുത്തിയിരിക്കും. ചില സിനിമകൾ സ്വന്തം വീട്ടിലേക്കു വരുന്നതുപോലെയാണ്. സത്യൻ സാറിന്റെ സിനിമ എനിക്കു വീടുപോലെയാണ്. അവിടെ ഒന്നിനും നിർബന്ധങ്ങളില്ല. ഞാനിവിടെ വളരെ കംഫർട്ടബിളാണ്. എന്നിൽ നിന്നു സത്യൻ സാറിനുവേണ്ട നടനെ അദ്ദേഹം എടുക്കുന്നു. അതു ഞാൻപോലും അറിയുന്നില്ല. ഞാൻ പ്രകാശൻ എന്ന ഈ സിനിമയിലെ കഥാപാത്രം എനിക്കു പരിചയമുള്ള ഏതോ കഥാപാത്രമാണ്.