‘അവര്‍ക്കിഷ്ടം ഇടിപ്പടം; മമ്മൂക്ക വിഡിയോ കാണണമെന്നുണ്ട്’: ട്രെന്‍ഡിലെ അതിജീവനം

ഭീഷ്മപര്‍വം 'ചാമ്പിക്കോ' ട്രെന്‍ഡിനൊപ്പം വിഡിയോയുമായി കൊച്ചി കൊത്തലങ്കോ അഭയകേന്ദ്രത്തിലെ അന്തേവാസികള്‍. മമ്മൂട്ടിക്ക് സ്നേഹസമ്മാനമായി ഒരുക്കിയ വിഡിയോയാണിത്. മാനസിക വെല്ലുവിളികള്‍ക്കപ്പുറം അതിജീവനത്തിന്‍റെ പാത തേടുകയാണിവര്‍. വിഡിയോ തയ്യാറാക്കിയ ബ്രദര്‍ ബിനോയ് പീറ്ററുടെ വാക്കുകളിലേക്ക്. 

ബ്രദര്‍ പറഞ്ഞത്: പിള്ളേരുടെ എന്തെങ്കിലും വിഡിയോ ഇടണമെന്ന് കുറെകാലമായുള്ള ആലോചനയാണ്. അങ്ങനെയാണ് കൊത്തലങ്കോ ഫാമിലി എന്നൊരു യുട്യൂബ് ചാനല്‍ തുടങ്ങിയത്. മാനസിക വൈകല്യമുള്ള 40 പേരാണ് ഇവിടെയുള്ളത്. ചാനല്‍ തുടങ്ങി കഴിഞ്ഞാണ് എല്ലാരും ഒന്ന് ആക്ടീവായത്. എന്തെങ്കിലും ചെയ്യണമെന്ന് അങ്ങനെയാണ് നമുക്കും അവര്‍ക്കും തോന്നിയത്. 

ഭീഷ്മപര്‍വം ട്രെയിലര്‍ എത്തിയപ്പോള്‍ തന്നെ ചെയ്യാന്‍പറ്റുന്ന വിഡിയോ ആണെന്ന് തോന്നി. എല്ലാവരും മമ്മൂട്ടി ഫാന്‍സാണ്. ഇടിപ്പടമൊക്കെയാണ് അവര്‍ക്കിഷ്ടം. മോഹന്‍ലാല്‍, വിജയ് സിനിമകളിലെ ഇടികളൊക്കെ അവര്‍ കണ്ടിരിക്കും. വലിയൊരു തലത്തിലേക്ക് പോകാതെ തന്നെ ഒന്ന്ചെയ്ത് നോക്കിയതാണ്. ശരിക്കമുള്ള വിഡിയോ കാണിച്ചു കൊടുത്ത് ഇതേ പോലെയൊക്കെ ചെയ്താല്‍ മതിയെന്ന് പറഞ്ഞുകൊടുത്തു. ജാവോ, ചാമ്പിക്കോ, ബോംബേക്കാരന്‍ എന്നൊക്കെ അവര്‍ പറഞ്ഞതാണ്. ടേക്കുകള്‍ ഒത്തിരി എടുത്തെങ്കിലും സംഭവം കിട്ടി. മമ്മൂക്ക ഈ വിഡിയോ കാണുമോ എന്നറിയില്ല. കാണും എന്നൊരു പ്രതീക്ഷയുണ്ട്– അദ്ദേഹം പറഞ്ഞു.