ആ 20 ചിത്രങ്ങളിൽ ‘പേരൻപ്’; റോട്ടർഡാമിൽ ചരിത്രമെഴുതി മമ്മൂട്ടിച്ചിത്രം

മമ്മൂട്ടിയുടെ സിനിമകൾ പല ലോകമേളകൾ കണ്ടിട്ടുണ്ട്. മലയാളത്തിൽ ആ ഭാഗ്യം മമ്മൂട്ടിയോളം ലഭിച്ച അഭിനേതാക്കളും വിരളമാകും. അടൂരിൻറെയും ടി.വി.ചന്ദ്രൻറെയും ജബ്ബാർ പട്ടേലിൻറെയുമൊക്കെ കൈപിടിച്ച് മമ്മൂട്ടി ലോക സിനിമയുടെ ഉയരങ്ങളിലൂടെ പലകുറി നടന്നിട്ടുണ്ട്. 

ഇപ്പോഴിതാ റോട്ടർഡാമിൽ നിന്നാണ് പുതിയ വാർത്ത. ലോകത്തെ വിഖ്യാത ചലച്ചിത്രമേളകളിൽ ഒന്നായ റോട്ടർഡാം ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവൽ കഴിഞ്ഞ ദിവസം ആരംഭിച്ചത് ഒരു മമ്മൂട്ടിച്ചിത്രം പ്രദർശിപ്പിച്ചാണ്. തമിഴിൽ ദേശീയപുരസ്കാര ജേതാവ് കൂടിയായ റാം സംവിധാനം ചെയ്ത ‘പേരൻപ്’ എന്ന ചിത്രമാണ് ഇന്ത്യൻ സിനിമയ്ക്ക് പുതിയ അഭിമാനം സമ്മാനിച്ചത്.

നേട്ടം അവിടെയും തീർന്നില്ല. ചിത്രത്തിൻറെ വേൾഡ് പ്രീമിയർ കഴിഞ്ഞതിന് പിന്നാലെ പ്രശംസാവാക്കുകളും പ്രവഹിക്കുകയാണ്. രാജ്യാന്തര നിരൂപകർ വരെ സിനിമയെ വാഴ്ത്തുന്നു. ചിത്രത്തിൽ വിദേശത്ത് ടാക്സി ഡ്രൈവറായ മമ്മൂട്ടിയുടെ അമുധം എന്ന കഥാപാത്രം അക്ഷരാർഥത്തിൽ വിസ്മയിപ്പിച്ചു എന്നാണ് അസംഖ്യം ട്വീറ്റുകളും കുറിപ്പുകളും വ്യക്തമാക്കുന്നത്. ഹൃദയത്തിൽ ആഞ്ഞുതറയ്ക്കുന്ന കുടുംബജീവിത വ്യഥയാണ് ചിത്രം തരുന്നതെന്നാണ് ഒരു വിദേശമാധ്യമം സിനിമയ്ക്ക് നൽകിയ തലക്കെട്ട്. 

സംവിധായകൻ റാം, നിർമാതാവ് ആർ.എൽ.തേനപ്പൻ, മറ്റൊരു നിർമാതാവ് ജെ.സതീഷ്‌‌കുമാർ തുടങ്ങിയവർ മേളയിൽ പങ്കെടുക്കുന്നുണ്ട്. 

ഒപ്പം മേളയിൽ നിർബന്ധമായി കാണേണ്ട 20 സിനിമകളുടെ പട്ടികയിലും പേരൻപ് ഇടം പിടിച്ചു. തമിഴ് താരം അഞ്ജലി, ബേബി സാധന, സുരാജ് വെഞ്ഞാറമ്മൂട്, കനിഹ, സമുദ്രക്കനി തുടങ്ങിയവർക്കൊപ്പം ട്രാൻസ്ജെൻഡറായ അഞ്ജലി അമീറും ചിത്രത്തിലുണ്ട്. യുവൻ ശങ്കർ രാജയാണ് സംഗീതം. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും.