ജയ് ഭീമിലെ യഥാര്‍ത്ഥ ‘സെങ്കിനി’ ദുരിതത്തില്‍; വീട് നല്‍കും: ലോറന്‍സ്

പ്രേക്ഷകര്‍ക്ക് ഞെട്ടല്‍‌ സമ്മാനിച്ച് മുന്നേറുകയാണ് തമിഴ് ചിത്രം ജയ് ഭീം. ടി.ജെ ജ്ഞാനവേലിന്റെ സംവിധാനത്തിൽ സൂര്യ നായകനായെത്തിയ ചിത്രം തൊണ്ണൂറുകളില്‍ നടന്ന സംഭവങ്ങളാണ് പകര്‍ത്തുന്നത്. ചിത്രത്തിന് പ്രചോദനമേകിയത് ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പൊലീസ് ആക്രമണമാണ്. ഈ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതിയും അവരുടെ ഇപ്പോഴത്തെ അവസ്ഥയും വാര്‍ത്തകളിൽ നിറഞ്ഞിരുന്നു. രാജാക്കണ്ണിന്‍റെ കുടുംബത്തിനും പാർവതിക്കും സഹായവുമായി നടൻ രാഘവ ലോറൻസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. പാർവതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നൽകുമെന്ന് രാഘവ ലോറൻസ് ഉറപ്പ് നൽകുന്നു. മാധ്യമങ്ങളിൽ നിന്നാണ് രാഘവ ലോറൻസ് വാർത്ത അറിഞ്ഞത്. 

'രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോൾ അതിയായ ദുഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാർവതിയും പീഡിപ്പിക്കപ്പെട്ടത്. പാർവതിക്ക് വീട് വച്ചു നൽകുമെന്ന് ഞാൻ വാക്കു നൽകുന്നു'. രാഘവ ലോറൻസിന്റെ വാക്കുകൾ. 

ചിത്രത്തിലെ സെങ്കിനി എന്ന കഥാപാത്രമാണ് പാർവതിയുടെ ജീവിതം പറയുന്നത്. എന്നാൽ സെങ്കിനിയിൽ നിന്ന് ഏറെ വ്യത്യസ്തമാണ് പാർവതിയുടെ ഇപ്പോഴത്തെ ജീവിതം. ചെന്നൈയിലെ പോരൂരിലെ ഓലമേഞ്ഞ കുടിലിലാണ് പാർവതി കുടുംബ സമേതം താമസിക്കുന്നത്. യഥാർഥ 'സെങ്കിനി'യുടെ രണ്ടാമത്തെ കുഞ്ഞ് മരണപ്പെട്ടു. 1995 ൽ മോഷണം ആരോപിക്കപ്പെട്ട് പോലീസ് പിടിയിലായ രാജാക്കണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. സെങ്കിനിയായി ചിത്രത്തിൽ വേഷമിട്ട മലയാളി നടി ലിജോ മോൾ ഏറെ പ്രശംസയാണ് നേടുന്നത്.