ജയ് ഭീം; കൈകളില്‍ പാമ്പും എലികളുമായി സൂര്യക്ക് ആദരം; നന്ദിപ്രകടനം

ജയ് ഭീം സിനിമയിലൂടെ തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിന്‍റെ ദുരവസ്ഥ വെളിച്ചത്ത് കൊണ്ടുവന്നതിന് നടന്‍ സൂര്യയ്ക്ക് ആദരവും നന്ദിയുമറിയിച്ച് ആ ജനത. തിങ്കളാഴ്ച മധുരൈ കളക്ട്രേറ്റിന് മുന്നില്‍ എലികളെയും പാമ്പിനെയും കൈകളില്‍ പിടിച്ച് പ്രതീകാത്മകമായാണ് നന്ദിപ്രകടനം. കാട്ടുനായകന്‍, ഷോളഗ, അടിയന്‍, കാണിക്കാര്‍ തുടങ്ങിയ ഗോത്രവിഭാഗത്തിലെ അന്‍പതോളം പേരാണ് നടന് ആദരസൂചകമായി ഒത്തുകൂടിയത്. 

‘ആദിവാസി സമൂഹങ്ങളുടെ നിലനിൽപ്പും അവരുടെ പരിതാപകരമായ ജീവിത സാഹചര്യങ്ങളും സിനിമയിലൂടെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടി. അതിന് നടനോട് ഞങ്ങൾക്ക് വളരെയധികം നന്ദിയുണ്ട്’ തമിഴ്നാട് ട്രൈബൽ നോമാഡ്സ് ഫെഡറേഷന്‍റെ പ്രസിഡന്റ് എം ആർ മുരുകൻ പറഞ്ഞു.

സിനിമയിലൂടെ വണ്ണിയാർ സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടനെതിരെ ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ തമിഴ്‌നാട്ടിലെ 20 ലക്ഷത്തോളം ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ നടനൊപ്പം നിൽക്കുമെന്നും മുരുകന്‍ പറഞ്ഞു.