തമിഴ് നടൻ വിവേകിന് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നില ഗുരുതരം

തമിഴിലെ പ്രശസ്ത നടൻ വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. 

ഇന്ന് രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോൾ ഐസിയുവിൽ തുടരുകയാണ്. ഇന്നലെ വിവേകും സൂഹൃത്തുക്കളും ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് കോവിഡ് വാക്സീന്റെ ആദ്യ ഷോട്ട് എടുത്തിരുന്നു. അതിന് ശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ട് എന്തുകൊണ്ടാണ് സ്വകാര്യ ആശുപത്രിയിൽ പോകാതെ സർക്കാർ ആശുപത്രിയിലെത്തി വാക്സീൻ സ്വീകരിച്ചു എന്ന് വിശദീകരിച്ചിരുന്നു. വാക്സീൻ എടുക്കേണ്ട ആവശ്യകതയെക്കുറിച്ചും നടൻ സംസാരിച്ചിരുന്നു.

മനതിൽ ഉരുതി വേണ്ടും എന്ന സിനിമയിലൂടെയാണ് വിവേക് തമിഴ് സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് പല സിനിമകളിലും ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു. 1990കളുടെ തുടക്കത്തോടെ അജിത്ത്, വിജയ് ചിത്രങ്ങളിൽ കോമഡി രംഗങ്ങളിൽ നിറസാന്നിധ്യമായി മാറി. ഖുശി, അന്യൻ, ശിവാജി തുടങ്ങി 200ൽ അധികം സിനിമകളിൽ അഭിയനയിച്ചിട്ടുണ്ട്.

2019ൽ പുറത്തിറങ്ങിയ വെള്ളൈ പൂക്കൾ എന്ന സിനിമയിലെ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ഇന്ത്യൻ 2വാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.