വിവാഹചിത്രങ്ങളെടുത്ത ഫൊട്ടോഗ്രഫറോടു അനുഷ്ക പറഞ്ഞത്

വിവാഹഫോട്ടോകൾ...അതു എത്ര നാൾ കഴിഞ്ഞാലും വീണ്ടും വീണ്ടും കാണുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത ഒരു അനുഭൂതിയാണ്. ഇക്കാര്യത്തിൽ സെലിബ്രിറ്റിയെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ല. വ്യത്യസ്തവും ജീവൻ തുടിക്കുന്നതുമായ വിവാഹചിത്രങ്ങൾ ആരാണ് ആഗ്രഹിക്കാത്തത്. 

ക്രിക്കറ്റ്-ബോളിവുഡ് രംഗം ആഘോഷിച്ച വിരാട് കോഹ്‌ലി-അനുഷ്ക വിവാഹത്തിൽ ചിത്രങ്ങൾ പകർത്തിയത് അനുഷ്കയുടെ ഫൊട്ടോഗ്രഫർ ജോസഫ് രാധിക്കായിരുന്നു. പടങ്ങൾ എങ്ങനെയായിരിക്കണമെന്നു അനുഷ്ക കൃത്യമായ നിർദേശം തനിക്കു നൽകിയിരുന്നതായി ജോസഫ് പറഞ്ഞു. ചടങ്ങിലെ ഓരോ നിമിഷവും ഒപ്പിയെടുത്തിരിക്കണം. എന്നാൽ അതൊരിക്കലും ഒരു സിനിമ പോലെ തോന്നരുത്. കൃത്രിമത്വം പാടില്ല. തികച്ചും സ്വാഭാവികമായിരിക്കണം. ദമ്പതികളെ പോസ് ചെയ്യിക്കാതെ ജീവനുള്ള ചിത്രങ്ങൾ പകർത്താനാണ് താൻ ശ്രമിച്ചതെന്നും ജോസഫ് രാധിക് പറഞ്ഞു. 

നേർത്ത പിങ്ക് തീം കളറാക്കിയുള്ള വെഡിങ് മാജിക്കിൽ താര‍ജോഡികളുടെ ആരാധകർ മാത്രമല്ല, ലോകം മുഴുവനുമാണു മയങ്ങിപ്പോയത്. വിരാടിന്റെയും അനുഷ്കയുടെയും വിവാഹവസ്ത്രങ്ങൾ രൂപകൽപന ചെയ്തതു ലോകപ്രശസ്ത ഡിസൈനർ സബ്യസാചിയാണ്. തുന്നൽപണിയും അതിമനോഹരമായ അലങ്കാരപ്പണികളും ചെയ്തത് 67 തുന്നൽവിദഗ്ധർ, അതും 32 ദിവസമെടുത്ത്.

നേർത്ത പിങ്കിലുള്ള ലെഹങ്കയിൽ നവോത്ഥാന കാലത്തെ അലങ്കാരപ്പണികൾക്കു വിന്റേജ് ഇംഗ്ലിഷ് നിറപ്പൊലിമ. സ്വർണവും വെള്ളിയും ഇടകലർന്ന നൂലുകൾകൊണ്ടു തുന്നൽപണി ചെയ്തു സുന്ദരമാക്കിയതുകൂടാതെ ലെഹങ്കയിൽ പേളും മുത്തുകളും പതിപ്പിച്ചു. ‘അൺകട്ട്’ വജ്രവും ജാപ്പനീസ് പേളും ആഭരണത്തിന്. പ്രൗഢസുന്ദരമായ ജിമിക്കി കമ്മലും നെക്‌ലസും. നവവധു അനുഷ്ക ഒരു രാജകുമാരിയെപ്പോലെ മനോഹരിയായി.

വിരാടിന്റെ പട്ടു ഷെർവാണിയിലെ അലങ്കാരപ്പണികൾക്കു ബെനാറസ് സ്പർശം. റോസാപ്പൂനിറത്തിലെ തലപ്പാവിനു പ്രണയസ്പർശം. മിലാനിലെ ആഡംബര സുഖവാസ കേന്ദ്രമായ ടസ്കനിൽ വച്ചായിരുന്നു വിവാഹമെന്നതിനാൽ ആ മനോഹരമായ ചുറ്റുപാടിലെ നിറങ്ങളോടു ചേർന്നു പോകുന്ന നിറം തന്നെ തിരഞ്ഞെടുത്തെന്നാണു സബ്യസാചി വെളിപ്പെടുത്തിയത്. വിവാഹനിശ്ചയ വേളയിലും സബ്യസാചി വസ്ത്രാഭരണങ്ങളാണ് അനുഷ്ക അണിഞ്ഞത്.

ലോകത്തിലെ ഏറ്റവും ചിലവേറിയ രണ്ടാമത്തെ ഹോളിഡേ ഡെസ്റ്റിനേഷനാണ് ഇരുവരും വിവാഹത്തിനായി തിരഞ്ഞെടുത്തത്.ഒരു ദിവസത്തേക്കു മാത്രം ഇവിടെ പതിനാല് ലക്ഷത്തിനടുത്ത് രൂപ ചിലവ് വരും. ഒരാഴ്ചത്തേയ്ക്കു ഒരു കോടി രൂപ ! വിരാട് പ്രിയതമയെ അണിയിച്ച മോതിരത്തു മാത്രം ഒരു കോടി രൂപയായെന്നും റിപ്പോർട്ടുകൾ പറയുന്നു.